ഗുജറാത്തിൽ പര്യടനം നടത്തുന്നതിനിടെ സ്വയം ഓട്ടോറിക്ഷ ഓടിച്ച് യാത്ര ചെയ്ത നോർവീജിയൻ മേയറുടെ ലാളിത്യം നിറഞ്ഞ പെരുമാറ്റം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. നോർവേയിലെ ഫിൻമാർക്ക് കൗണ്ടിയിലുള്ള പോർസാംഗർ മുൻസിപ്പാലിറ്റിയുടെ നിലവിലെ മേയറായ ജോ ഇംഗ് ഹെസ്ജെവിക് ആണ് ഗുജറാത്തിലെ ലിംഡിയിൽ പ്രാദേശിക വാസിയായ ഒരാളോടൊപ്പം യാത്ര ചെയ്തത്. ഈ അപൂർവ്വ കാഴ്ച പ്രദേശവാസിയായ ഒരു എഞ്ചിനീയറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
അപ്രതീക്ഷിതമായി മേയറെ കണ്ടുമുട്ടിയ എഞ്ചിനീയർ അദ്ദേഹത്തിന്റെ വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് അദ്ദേഹം നോർവേയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാവാണെന്ന് മനസ്സിലാക്കിയത്. ഒരു രാജ്യത്തിന്റെ മേയറായിരുന്നിട്ടും ഇന്ത്യയിലെ സാധാരണക്കാരെപ്പോലെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാനും ഇവിടുത്തെ ജീവിതം അനുഭവിച്ചറിയാനും കാണിച്ച മനസ്സാണ് അദ്ദേഹത്തെ ഏറെ ആകർഷിച്ചത്. “ഇദ്ദേഹം പോർസാംഗറിലെ മേയറാണ്, ഗൂഗിളിൽ നോക്കിയാണ് ഞാൻ വിവരങ്ങൾ മനസ്സിലാക്കിയത്. വളരെ ലാളിത്യമുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇന്ത്യയിൽ ഒരു ഓട്ടോറിക്ഷയിലാണ് ഇദ്ദേഹം ചുറ്റിക്കറങ്ങുന്നത്,” എന്ന് വീഡിയോയിൽ എഞ്ചിനീയർ പറയുന്നത് കേൾക്കാം. തുടർന്ന് അദ്ദേഹം മേയർ സഞ്ചരിച്ച ഓട്ടോറിക്ഷയും വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു.
സാധാരണ വിനോദസഞ്ചാരികളെപ്പോലെ അല്ലാതെ, ഇന്ത്യൻ സംസ്കാരം നേരിട്ടറിഞ്ഞ് സാധാരണക്കാരിലൊരാളായി മാറിയ മേയറുടെ ഈ ലാളിത്യത്തെയും ആവേശത്തെയും നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ പ്രശംസിക്കുന്നത്.




