ഛണ്ഡിഗഡ് : ബലാത്സംഗക്കേസ് പിൻവലിക്കുന്നതിനായി 70 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസാറിലെ രാംപുര മൊഹല്ല സ്വദേശിനിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നേരത്തെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനായ യുവാവിനെതിരെ ഇവർ ബലാത്സംഗക്കേസ് നൽകിയിരുന്നു. തുടർന്ന്, കേസ് റദ്ദാക്കണമെങ്കിൽ 70 ലക്ഷം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായും, പണം നൽകാതിരുന്നാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും ബ്ലാക്ക്മെയിലിങ്ങിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനെ യുവതി നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. കേസിൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ പിന്നീട് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.




