ന്യൂഡൽഹി: താലിബാനുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളോടുള്ള നിലപാടിനെക്കുറിച്ചും ചോദ്യം ഉന്നയിച്ച അഫ്ഗാൻ മാധ്യമപ്രവർത്തകയോട് ഭീഷണിയുടെ സ്വരത്തിൽ ആംഗ്യം കാണിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. വിഷയം പുറത്തുവന്നതോടെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്.
താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പാകിസ്ഥാന്റെ നിലപാടെന്താണെന്നും, മുൻപ് സൗഹൃദത്തിലായിരുന്നപ്പോൾ ഇത് തിരുത്താൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും മാധ്യമപ്രവർത്തക ചോദിച്ചു. എന്നാൽ ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം പ്രകോപിതനായ മന്ത്രി, മാധ്യമപ്രവർത്തകയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. ഈ രീതിയിലുള്ള വസ്ത്രം ധരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് തിരികെ പോകരുതെന്നും അങ്ങനെ ചെയ്താൽ അവർ നിങ്ങളെ വധിക്കുമെന്നും അർഥം വരുന്ന രീതിയിൽ കഴുത്തറുക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു. തുടർന്ന് മന്ത്രിയും കൂടെയുള്ളവരും ഉറക്കെ ചിരിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയാൽ കൊല്ലപ്പെടുമെന്ന തരത്തിലുള്ള ഭീഷണി സൂചിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നും, അതീവ ഗൗരവമുള്ള ചോദ്യത്തോടുള്ള ഈ സമീപനം അപലപനീയമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. ഒരു മുതിർന്ന മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നിന്ദ്യമായ പെരുമാറ്റമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിക്കുകയും, പാകിസ്ഥാന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.




