കോയമ്പത്തൂരിൽ വാഹനാ പരിശോധനയ്ക്കിടെ നിർത്താതെ പോയ പുകയിലക്കടത്ത് സംഘത്തിന്റെ കാറിന്റെ മുകളിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് പോലീസുകാരൻ. കോയമ്പത്തൂരിലെ വിളാങ്കുറിച്ചിയിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ഈ സിനിമാറ്റിക് ചേസിംഗിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കർണാടക രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചെക്ക് പോയിന്റിൽ വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ വേഗതയിൽ ഓടിച്ചു പോകുകയായിരുന്നു. ഇതോടെ പോലീസ് ബൈക്കിൽ കാറിനെ പിന്തുടർന്നു. ചേസിംഗിനിടെ വാഹനം നിർത്താനുള്ള ശ്രമത്തിലാണ് ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിന്റെ മുകളിലേക്ക് കയറി തൂങ്ങിക്കിടന്നത്.
തൊട്ടുപിന്നാലെ ബൈക്കിൽ പിന്തുടർന്ന സബ് ഇൻസ്പെക്ടർ വിവരം കൺട്രോൾ റൂമിലും ആംബുലൻസ് സർവീസിലും അറിയിച്ചു. ഒടുവിൽ കോയമ്പത്തൂർ അതിർത്തിയിലെ പെട്രോൾ പമ്പിന് സമീപം വെച്ച് പോലീസ് കാർ തടഞ്ഞു നിർത്തി. കാറിൽ നിന്ന് 200 കിലോഗ്രാം ഗുഡ്ക പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ആംബുലൻസിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.




