ബെംഗളൂരുവിൽ ഇരുചക്രവാഹനത്തിൽ യാത്രക്കാരന്റെ പുറത്തു തൂക്കിയിട്ടിരുന്ന ഗിത്താർ ഹെൽമറ്റ് ധരിക്കാത്ത പിൻയാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എ.ഐ ട്രാഫിക് ക്യാമറ 500 രൂപ പിഴ ചുമത്തി. തനിയെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തിട്ടും ഗതാഗത നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു സ്വദേശിയായ സൗവിക് ദത്ത നടത്തിയ അന്വേഷണത്തിലാണ് എ.ഐ സിസ്റ്റത്തിന് പറ്റിയ ഈ അപൂർവ്വ അബദ്ധം പുറത്തറിഞ്ഞത്.
ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ പുറത്ത് ഗിത്താർ തൂക്കി യാത്ര ചെയ്യുകയായിരുന്നു സൗവിക്. എന്നാൽ എ.ഐ ക്യാമറ ഗിത്താറിനെ മറ്റൊരു യാത്രക്കാരനായി തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് വാഹനം ഓടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും പിന്നിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ല എന്ന പേരിൽ വാഹന ഉടമയായ ഭാര്യയുടെ പേരിൽ 500 രൂപയുടെ ചെല്ലാൻ വരികയായിരുന്നു.
തനിക്ക് ലഭിച്ച ചെല്ലാനിന്റെ ചിത്രമടക്കം സൗവിക് ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ പങ്കുവെക്കുകയും ബെംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്ത് അബദ്ധത്തിൽ ചുമത്തിയ പിഴ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു ട്രാഫിക് പൊലീസ് ഉടനടി ഇടപെടുകയും പിഴ റദ്ദാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ ആശ്വാസമായെങ്കിലും, സംഭവം സോഷ്യൽ മീഡിയയിൽ വലിയ തമാശയായി മാറി. റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ എ.ഐ ക്യാമറയുടെ അബദ്ധത്തെ പരിഹസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എ.ഐ സിസ്റ്റങ്ങൾക്ക് ഇനിയും കൃത്യമായ പരിശീലനം ആവശ്യമാണെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. പൂർണ്ണമായും എ.ഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാഫിക് പരിശോധനാ സംവിധാനങ്ങളിൽ ഇത്തരം ചിത്രങ്ങൾ കൃത്യമായി പരിശോധിക്കാൻ മനുഷ്യരുടെ മേൽനോട്ടം കൂടി വേണമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.




