നീം കരോളി ബാബയുടെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ‘ഹനുമാൻ അംശ്’ എന്ന ആത്മീയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രം 120 കോടി രൂപയിലധികം കളക്ഷൻ നേടിയ ഈ ചിത്രം, നീം കരോളി ബാബയോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസവും ഭക്തിയുമാണ് എടുത്തു കാണിക്കുന്നത്. ഇന്ത്യാക്കാർക്ക് പുറമെ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ് തുടങ്ങിയ നിരവധി വിദേശ പ്രമുഖരും ബാബയുടെ ഭക്തരുടെ പട്ടികയിലുണ്ട്.
1974-ൽ തന്റെ 19-ാം വയസ്സിലാണ് ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആത്മീയ മാർഗ്ഗം തേടി ബാബയുടെ ആശ്രമത്തിൽ എത്തുന്നത്. പിന്നീട് ഫെയ്സ്ബുക്ക് പ്രതിസന്ധിയിലായ ഘട്ടത്തിൽ സ്റ്റീവ് ജോബ്സിന്റെ ഉപദേശപ്രകാരമാണ് മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് 2015-ൽ ഉത്തരാഖണ്ഡിലെ കൈഞ്ചി ധാം ആശ്രമം സന്ദർശിച്ചത്. ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്, ഈബേ സഹസ്ഥാപകൻ ജെഫ്രി സ്കോൾ, ഡോ. ലാറി ബ്രില്യന്റ് എന്നിവരും ഇവിടുത്തെ തീർത്ഥാടകരായിരുന്നു. 2022 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും നടിയും നിർമ്മാതാവുമായ അനുഷ്ക ശർമ്മയും ആശ്രമം സന്ദർശിച്ച് പ്രാർത്ഥന നടത്തിയിരുന്നു.
ഉത്തരാഖണ്ഡിലെ കുമയോൺ കുന്നുകളിൽ നൈനിറ്റാളിൽ നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയാണ് കൈഞ്ചി ധാം സ്ഥിതി ചെയ്യുന്നത്. മനഃശാന്തിയും പോസിറ്റീവ് ഊർജ്ജവും നൽകുന്ന അന്തരീക്ഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഈ ആശ്രമത്തിലേക്ക് ആകർഷിക്കുന്നത്. നിലവിൽ ഇവിടെ രാത്രികാല താമസസൗകര്യങ്ങൾ ലഭ്യമല്ല.
റോഡ് മാർഗ്ഗം നൈനിറ്റാൾ (17 കി.മീ), ഹൽദ്വാനി എന്നിവിടങ്ങളിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്താം. കത്ഗോദമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. പാന്ത്നഗർ വിമാനത്താവളമാണ് (65 കി.മീ) അടുത്തുള്ള എയർപോർട്ട്. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശരത്കാലവുമാണ് ആശ്രമം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജൂണിൽ നടക്കുന്ന വാർഷിക ഭണ്ഡാര മഹോത്സവത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കൈടുക്കാറുണ്ട്. രാവിലെ തുറക്കുന്ന ക്ഷേത്രം വൈകുന്നേരത്തെ പ്രാർത്ഥനകൾക്ക് ശേഷം അടയ്ക്കും.




