Crime

കാമുകിയെ വിവാഹം കഴിക്കണം, 21 വയസ്സാകട്ടെ എന്ന് പിതാവ്, 17കാരന്‍ അച്ഛനെ വെടിവെച്ചു കൊന്നു…! അമ്മ ഓടി രക്ഷപ്പെട്ടു…!

ചണ്ഡീഗഢ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സു വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പിതാവിനെ 17-കാരനായ മകൻ വെടിവെച്ചുകൊന്നു. ചണ്ഡീഗഢ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്‌സ് ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന നിതിൻ സിങ്ങിനെ തലയ്ക്ക് വെടിയേറ്റ നിലയിൽ വെള്ളിയാഴ്ച സെക്ടർ 22-ലെ ഔദ്യോഗിക വസതിയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് നാടൻ തോക്ക് കണ്ടെടുത്തു. മകൻ അർമാനുമായി തലേദിവസം നിതിൻ സിങ് വഴക്കുണ്ടാക്കിയിരുന്നു.

പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നതായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം അമ്മയുടെ കഴുത്തിൽ പിടിച്ച് ഉപദ്രവിക്കാൻ അർമാൻ ശ്രമിച്ചെങ്കിലും ഇവർ മേൽക്കൂരയിലേക്ക് ഓടിക്കയറി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. പുറത്തുനിന്ന് ആരോ വീട്ടിൽ അതിക്രമിച്ചുകയറി പിതാവിനെ വധിച്ചതാണെന്ന് വരുത്തിത്തീർക്കാനും മകൻ ശ്രമിച്ചതായി അയൽക്കാരൻ വ്യക്തമാക്കി.

പെൺകുട്ടിയെ വിവാഹം കഴിക്കാൻ അർമാൻ മാതാപിതാക്കളെ നിർബന്ധിച്ചപ്പോൾ, ഇന്ത്യയിൽ പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായമായ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരവും അർമാൻ മാതാപിതാക്കളുമായി വലിയ തർക്കത്തിലായി. തനിക്കിഷ്ടമുള്ള പെൺകുട്ടിയെ ഉടൻ വിവാഹം കഴിക്കണമെന്നായിരുന്നു അവന്റെ ആവശ്യം. എന്നാൽ 21 വയസ്സ് തികഞ്ഞശേഷമേ ഇതിനെക്കുറിച്ച് ആലോചിക്കൂ എന്ന് മാതാപിതാക്കൾ കർശനമായി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ സുധേഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി.

പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നിർബന്ധിച്ചെങ്കിലും മാതാപിതാക്കൾ അത് നിരസിച്ചിരുന്നു. കൂടാതെ വിവിധ ആവശ്യങ്ങൾക്കായി അവൻ പണവും ചോദിച്ചിരുന്നു. ചെയ്ത കൃത്യത്തിൽ അർമാന് യാതൊരു കുറ്റബോധവുമില്ലെന്ന് സുധേഷ് കുമാർ കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം അർമാൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ഈ കൊലപാതകം. സുഹൃത്തിന്റെ താർ വാഹനം മണിമാജ്രയിൽ വെച്ച് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ച കേസിലായിരുന്നു ഇയാൾ മുൻപ് പിടിയിലായത്.