കൊല്ലത്ത് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും ഗുരുതരമായ വിവിധ വകുപ്പുകൾ ചുമത്തിയാണ് നടപടി. 2022 മുതൽ വിദേശത്ത് ഒരുമിച്ച് താമസിക്കവേ പകർത്തിയ കിടപ്പറ ദൃശ്യങ്ങളാണ് ഭർത്താവ് വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് വിറ്റതെന്ന് പരാതിക്കാരി പറയുന്നു.
വിദേശത്തുനിന്നും നാട്ടിലെത്തിയ ശേഷം, കുഞ്ഞിന്റെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം കാട്ടിയത് ചോദ്യം ചെയ്ത യുവതിയെ പ്രതി ഇസ്തിരിപ്പെട്ടിയും താക്കോൽക്കൂട്ടവും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്നലെ പരാതി നൽകിയെങ്കിലും ഇന്ന് വൈകിട്ടോടെയാണ് പൊലീസ് കേസെടുത്തത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിനും ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും കേസെടുത്ത പൊലീസ്, ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതി നൽകിയ പരാതിയിലുള്ളത്. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, നാലുവയസ്സുകാരിയായ സ്വന്തം മകൾക്കൊപ്പം അശ്ലീല വീഡിയോകൾ കാണുകയും കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്യുകയും ചെയ്തതായും പരാതിയിലുണ്ട്. ഒരു മാരക സൈക്കോപാത്ത് ആയ പ്രതി, സ്വന്തം അമ്മയുടേതടക്കം വിവിധ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്. പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇയാൾ, ഭാര്യയെയും ഇതിനായി നിർബന്ധിച്ചിരുന്നെങ്കിലും വഴങ്ങിയില്ല.
മകളുടെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തെന്ന് പ്രതി സമ്മതിക്കുന്ന നിർണായക ഫോൺ സംഭാഷണവും, ഭാര്യയെ വൈകാരികമായി ഭീഷണിപ്പെടുത്തിയതിന്റെ വ്യക്തമായ തെളിവുകളും ഇതിനിടെ പുറത്തുവന്നു. ഭർത്താവിന്റെ മനോവൈകല്യത്തിന് കൗൺസിലിങ് നൽകാനായി നാട്ടിലെത്തിയപ്പോൾ, ഇതിന് നിർബന്ധിച്ചതിനാണ് യുവതിക്ക് ക്രൂരമർദനമേറ്റത്. ഇസ്തിരിപ്പെട്ടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകൃത സ്വഭാവമുള്ള ഭർത്താവിന് വൈഫ് സ്വാപ്പിങ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചു പറയുന്ന പരാതിക്കാരിക്ക് നീതി ഉറപ്പാക്കാനായി ഒളിവിലുള്ള പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൊല്ലം പൊലീസ്.




