Crime

പരിചരിക്കാൻ വയ്യ; മകൻ വീല്‍ചെയറോടെ അമ്മയെ ട്രെയിന് മുന്നിൽ തള്ളിയിട്ട് കൊന്നു; നടുക്കുന്ന സംഭവം

വീൽചെയറിലായ 71 വയസ്സുള്ള അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ഈ ദാരുണമായ സംഭവം നടന്നത്. നോക്കിനടത്താൻ ബുദ്ധിമുട്ടായതിനെ തുടർന്നാണ് എസ്. പദ്മാവതി എന്ന അമ്മയെ 44 കാരനായ മകൻ പാർഥസാരഥി കൊലപ്പെടുത്തിയത്. സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത യേലഗിരി എക്സ്പ്രസ് കടന്നുപോയ സമയത്താണ് ഇയാൾ അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. ശരീരത്തിൽ മുഴകൾ രൂപപ്പെടുന്ന ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന ഗുരുതര രോഗബാധിതയായിരുന്നു പദ്മാവതി.

ട്രെയിനിനു മുന്നിലേക്ക് വീണ പത്മാവതി സംഭവസ്ഥലത്തു വച്ചുതന്നെ തൽക്ഷണം മരിച്ചു. പിന്നീട് യാത്രക്കാരാണ് പത്മാവതിയുടെ ശരീരഭാഗങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ വീൽചെയറും ട്രാക്കിൽ കണ്ട് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന പത്മാവതിയുടെ ഭർത്താവ് 2007-ൽ മരണപ്പെട്ടിരുന്നു. അതിനുശേഷം ലഭിച്ചിരുന്ന 15,000 രൂപയുടെ കുടുംബ പെൻഷൻ തുകയായിരുന്നു ഇവരുടെ ഏക ഉപജീവന മാർഗ്ഗം. മൂന്ന് മക്കളുള്ള പദ്മാവതിയെ ഇളയ മകനായ പാർഥസാരഥിയാണ് നോക്കിയിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6-ന് തിരുവള്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പദ്മാവതിയെ 16-നാണ് ഡിസ്ചാർജ് ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പാർഥസാരഥി അമ്മയെ മനവൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മറ്റ് യാത്രക്കാരുടെ സഹായത്തോടെയാണ് വീൽചെയർ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്. തുടർന്ന് രാത്രി ഏഴുമണിയോടെ യേലഗിരി എക്സ്പ്രസ് സ്റ്റേഷൻ കടന്നുപോയ വേളയിൽ അമ്മയെ ട്രാക്കിലേക്ക് തള്ളിയിട്ട ശേഷം ഇയാൾ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയായ പാർഥസാരഥിയെ തിരിച്ചറിഞ്ഞതും തുടന്ന് വൈകുന്നേരത്തോടെ ഇയാളെ അറസ്റ്റ് ചെയ്തതും.