Travel

ഇന്ത്യയിൽ സൂര്യൻ ആദ്യമുദിക്കുന്നത് എവിടെയാണ്?? മനോഹരമായ ഈ വടക്കുകിഴക്കൻ ഗ്രാമത്തിലേക്ക് ഒരു യാത്ര!

ഭൂരിഭാഗം ആളുകളും സൂര്യോദയം കാണാൻ കടൽതീരങ്ങളോ മലനിരകളോ ആണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ അരുണാചൽ പ്രദേശിന്റെ വിദൂരമായ ഒരു കോണിൽ, യാത്രികർ പാതിരാത്രിയിൽ ഉണർന്ന് കുന്നുകൾ കയറുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവത്തിനാണ്. കാടുകളും മലനിരകളും താഴ്‌വരകളും നിറഞ്ഞ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ സൂര്യോദയത്തിന് സാക്ഷിയാകാൻ ഇവിടെ സാധിക്കും.

അരുണാചൽ പ്രദേശിലെ അഞ്ചാവ് ജില്ലയിൽ ലോഹിത് നദീതീരത്ത് വാലോങ്ങിന് സമീപമുള്ള ഡോങ് വാലിയിലാണ് (Dong Valley) ഈ അപൂർവ്വ നിമിഷം ആസ്വദിക്കാനാകുക. ഇന്ത്യയിൽ ദിവസവും ഏറ്റവും ആദ്യം സൂര്യനുദിക്കുന്ന സ്ഥലങ്ങളിൽ ഒന്നായാണ് ഡോങ് അറിയപ്പെടുന്നത്. 1999-ലാണ് ഈ പ്രദേശം രാജ്യശ്രദ്ധ നേടുന്നത്. തുടർന്ന്, 2000 ജനുവരി 1-ലെ ഇന്ത്യയിലെ ആദ്യ സൂര്യോദയം കാണാൻ നിരവധി ആളുകൾ ഇവിടേക്ക് എത്തിയിരുന്നു.

ഈ ദൃശ്യം നേരിട്ട് കാണാൻ ചെറിയൊരു പരിശ്രമം ആവശ്യമാണ്. യാത്രികർ പുലർച്ചെയ്ക്ക് മുന്നേ തന്നെ യാത്ര തിരിച്ച് താഴ്‌വരയ്ക്ക് മുകളിലുള്ള വ്യൂ പോയിന്റിലേക്ക് ട്രെക്കിംഗ് നടത്തണം. വർഷത്തിന്റെ വിവിധ സമയങ്ങളിൽ സൂര്യോദയ സമയത്തിൽ മാറ്റം വരാറുള്ളതിനാൽ പ്രദേശവാസികളോട് സമയം ചോദിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും. കാടുകളും മലനിരകളും താണ്ടിയുള്ള ഈ പുലർകാല യാത്ര തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം.

സൂര്യോദയം മാത്രമല്ല, മറ്റ് നിരവധി കാഴ്ചകളും ഈ പ്രദേശത്തുണ്ട്. 7 കിലോമീറ്റർ അകലെയുള്ള മനോഹരമായ വാലോങ്, അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള കിബിത്തു, ലോഹിത് നദി, പൈൻ മരങ്ങൾ നിറഞ്ഞ മലനിരകൾ, പ്രാദേശിക മേയോർ (Meyor) വിഭാഗത്തിന്റെ സംസ്കാരം എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. ഇന്ത്യ-ചൈന-മ്യാന്മർ അതിർത്തിക്ക് സമീപമായതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവേണം ഇവിടെ യാത്ര ചെയ്യാൻ.

ഇവിടുത്തെ സൂര്യോദയത്തെ ആസ്പദമാക്കി അരുണാചൽ പ്രദേശ് സർക്കാർ ‘സൺറൈസ് ഫെസ്റ്റിവൽ’ എന്ന പേരിൽ വിനോദസഞ്ചാര മേളയും സംഘടിപ്പിച്ചിരുന്നു. 2025 ഡിസംബർ 29 മുതൽ 2026 ജനുവരി 2 വരെ നടന്ന ഈ മേളയിൽ ഗൈഡഡ് ട്രെക്കിംഗ്, സാംസ്കാരിക പരിപാടികൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ, ഹസ്തകലാ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

അസം അസമിലെ ദിബ്രൂഗഡ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള പ്രധാന എയർപോർട്ട്. റെയിൽ മാർഗ്ഗമാണെങ്കിൽ ന്യൂ ടിൻസുകിയ ജംഗ്ഷനിൽ ഇറങ്ങാം. അവിടെനിന്ന് റോഡ് മാർഗ്ഗം ടിൻസുകിയ, തേജു, ഹയൂലിയാങ്, വാലോങ് വഴി ഡോങ് വാലിയിൽ എത്തിച്ചേരാം. അരുണാചൽ പ്രദേശിലേക്ക് കടക്കാൻ ഇന്നർ ലൈൻ പെർമിറ്റ് (ILP) ആവശ്യമാണ്. ഇന്ത്യയിൽ മറ്റെല്ലായിടത്തും വെളിച്ചം എത്തുന്നതിന് മുന്നേ പുതിയൊരു ദിവസത്തെ വരവേൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡോങ് വാലി മികച്ചൊരു അനുഭവമായിരിക്കും.