Featured Sports

“ഇത് അവസാന ലോകകപ്പ്, ലക്ഷ്യം കിരീടം മാത്രം”: അവസാന പോരാട്ടത്തിന് ഒരുങ്ങി വിരാട് കോഹ്‌ലി

2027-ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പായിരിക്കും ഇന്ത്യക്കായി താൻ കളിക്കുന്ന അവസാന ടൂർണമെന്റ എന്ന് ബാറ്റിംഗ് താരം വിരാട് കോഹ്‌ലി . ലോകകപ്പ് നേടുക എന്നതു മാത്രമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അതിനായി പൂർണ്ണമായി സമർപ്പിക്കപ്പെടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ‘ജിയോസ്റ്റാറി’നോട് സംസാരിക്കവെയാണ് കോഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്.

2011-ൽ ഇന്ത്യ ലോകകപ്പ് ഉയർത്തിയ ടീമിൽ അംഗമായിരുന്ന കോഹ്‌ലി ഇതുവരെ നാല് ഏകദിന ലോകകപ്പുകളിൽ പങ്കാളിയായിട്ടുണ്ട്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായ അദ്ദേഹം, 2023 ലോകകപ്പിൽ 765 റൺസ് നേടി ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. നിലവിൽ 314 ഏകദിനങ്ങളിൽ നിന്നായി 14,941 റൺസ് കോഹ്‌ലിയുടെ അക്കൗണ്ടിലുണ്ട്.

50 ഓവർ ലോകകപ്പ് സമ്മാനിക്കുന്ന വെല്ലുവിളികൾ വളരെ വലുതാണെന്നും വിദേശ മൈതാനങ്ങളിൽ പത്തോളം മത്സരങ്ങളിൽ ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എളുപ്പമല്ലെന്നും കോഹ്‌ലി ഓർമ്മിപ്പിച്ചു. രാജ്യത്തിനായി കളിക്കുന്ന അവസാന ലോകകപ്പായതിനാൽ തന്നെ കിരീടം നേടുക എന്ന വലിയ ലക്ഷ്യത്തിനായി ഏതറ്റം വരെ പോകാനും താൻ മാനസികമായി സജ്ജനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുൻ നായകൻ രോഹിത് ശർമ്മയും 2027 ലോകകപ്പിൽ കളിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കളി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രോഹിത്, വ്യത്യസ്ത വേദികളിൽ ശക്തരായ എതിരാളികളെ നേരിടേണ്ടി വരുന്ന ഐ.സി.സി ടൂർണമെന്റുകൾക്കായി വ്യത്യസ്തമായ രീതിയിലാണ് താൻ തയ്യാറെടുക്കുന്നതെന്നും വ്യക്തമാക്കി.