Crime

UPയില്‍ വീണ്ടും ക്രൂരത; 70കാരിയെ കൂട്ടബലാ‍ല്‍സംഗം ചെയ്ത് കൊലപ്പെടുത്തി, കാരണം വീടിനു മുന്നിലെ മദ്യപാനം എതിർത്തു

വീടിനു സമീപത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത എഴുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖ്‌നൗവിലെ മോഹൻലാൽഗഞ്ചയിലാണ് നാടിനെ വിറപ്പിച്ച ഈ ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് എന്ന ഗുഡ്ഡു (30), ഹരിറാം റാവത്ത് (34) എന്നിവരാണ് കേസിൽ പിടിയിലായത്.

സംഭവദിവസം പ്രതികൾ വയോധികയുടെ വീടിനടുത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇത് കണ്ട ഇവർ അവിടെനിന്നും മാറിപ്പോകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇരുമ്പ് കട്ടിലിന്റെ കാലിൽ തലയിടിച്ച് വയോധികയ്ക്ക് മാരകമായി പരുക്കേറ്റതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. മരണം ഉറപ്പായതോടെ പ്രതികൾ മൃതദേഹം സമീപത്തെ ഇരുട്ടുമുറിയിലേക്ക് മാറ്റി ഒളിപ്പിക്കാനും ശ്രമിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ, ഡൽഹിയിൽ കഴിഞ്ഞദിവസം പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടർന്ന് ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജ് വിദ്യാർഥികൾ സെപ്റ്റംബർ 23-ന് തെരുവിലിറങ്ങി വൻ പ്രതിഷേധം ഉയർത്തിയിരുന്നു.