മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയ്ക്ക് പൊലീസ് സ്റ്റേഷനു മുന്നിൽവെച്ച് കുത്തേറ്റു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പങ്കാളിയായ ജിനീഷ് ഇവരെ ആക്രമിച്ചത്. “നീ എന്റെ ജീവിതം നശിപ്പിച്ചു” എന്ന് പറഞ്ഞ് പാഞ്ഞടുത്ത ജിനീഷ് കീർത്തനയുടെ കഴുത്തിനും കാലിനും കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കഴുത്തിലടക്കം നാലിടത്ത് കുത്തേറ്റ കീർത്തനയെ ഉടൻതന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നാലെ ആക്രമണം നടത്തിയ ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിനീഷും കീർത്തനയും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു .
ഈ മാസം അഞ്ചാം തിയതിയാണ് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി കീർത്തനയ്ക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി സഫ്വാനും മൂന്നാം പ്രതി കാവ്യയ്ക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥ പാലിക്കാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് ആക്രമണം നേരിടേണ്ടി വന്നത്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കരാർ അധ്യാപികയായ കീർത്തന പിടിയിലായതോടെയാണ് ഇവരുടെ സുഹൃത്തുക്കളും അധ്യാപികമാരുമായ കാവ്യയെയും നീഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്നയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
കഴിഞ്ഞ ജൂൺ 28-ന് പുലർച്ചെ രണ്ട് മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിൽവെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്ക് പുറത്തുവന്നത്.




