പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മതപണ്ഡിതന്‍ മുഹമ്മദ് നിയാസ് ജൗഹരി, സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ നടി നസ്രിയ ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ . എന്നാല്‍ ഈ വീഡിയോയുടെ കമന്റ് ബോക്സില്‍ ജൗഹറിക്കെതിരെയുള്ള പോക്സോ കേസിനെ ചൂണ്ടിക്കാണിച്ചാണ് ആളുകള്‍ പ്രതികരിക്കുന്നത്. മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് സ്വയം അതിന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആളുകള്‍ കമന്റുകളിലൂടെ പരിഹസിക്കുന്നു.
സിനിമാനടിയായതുകൊണ്ട് വസ്ത്രധാരണത്തിലെ തെറ്റുകുറ്റങ്ങള്‍ അവര്‍ക്ക് നിസാരമാണെന്നും അവരെ വിമർശിക്കുന്നതില്‍ കാര്യമില്ലെന്നുമാണ് ജൗഹരി വീഡിയോയില്‍ പറയുന്നത്. മുസ്ലിം നാമധാരികളായ നടികളെ മാത്രം വിമര്‍ശിക്കുകയും പുരുഷന്മാരുടെ വസ്ത്രധാരണത്തെ ആരും ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും പുരുഷന്മാര്‍ക്കും മതനിയമങ്ങള്‍ ബാധകമാണെന്നും ജൗഹരി കൂട്ടിച്ചേര്‍ത്തു.
” ഏതോ ഒരു മുസ്ലിം സിനിമാനടി മോശം വസ്ത്രം ധരിച്ച് ഏതോ ഒരു പരിപാടിയില്‍ പങ്കെടുത്തു, കുറേ ആളുകള്‍ അതിനെ വിമര്‍ശിച്ച് വിഡിയോ ചെയ്യുന്നു, കമന്റിടുന്നു, വിവാദമാക്കുന്നു, എന്തിനുവേണ്ടി? അവരൊരു സിനിമാനടിയല്ലേ…അവരുടെ ഭര്‍ത്താവ് സിനിമാ നടനാണ്, സിനിമാ കുടുംബത്തിന്റെ മരുമകള്‍ കൂടിയാണ്. ഇതൊക്കെ അവര്‍ക്ക് നിസാരമാണ്, അവര്‍ക്കെന്ത് ഇസ്‍ലാം, ചാത്തപ്പനെന്ത് മഹ്ശറ? ഒരാള്‍ കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുകയാണെന്ന് വിചാരിക്കുക, അയാളുടെ അടുത്തുപോയി, കള്ളുകുടിക്കുമ്പോള്‍ ബിസ്മി ചെല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? അവരൊരു സിനിമാനടിയാണ്, അവരുടെ ജീവിതശൈലി ഇങ്ങനെയാണ്, ഇവരൊന്നും നന്നാവൂല എന്ന നിലപാടൊന്നും എനിക്കില്ല,എങ്കിലും ആ സഹോദരി ചെയ്തത് തെറ്റാണ്. മുസ്ലിം നാമധാരികളായ സിനിമാനടികളെ വിമര്‍ശിക്കുമ്പോള്‍ പുരുഷന്‍മാരെ ആരും വിമര്‍ശിക്കാറില്ല. പുരുഷന്‍മാര്‍ക്കും മതത്തിന്റെ നിയമമുണ്ട്” – ഇതാണ് നിയാസ് ജൗഹരി പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.
കൊല്ലത്ത് പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഹബീബിയ ഇസ്ലാമിക് അക്കാദമി ഡയറക്ടറായ ജൗഹറിയെ അടുത്തിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം ആരംഭിച്ചത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ച വിവരങ്ങൾ പെണ്‍കുട്ടി സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതോടെയാണ് പോലീസില്‍ പരാതി എത്തിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സമാന രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.




