പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യം കാരണം അധ്യാപികയെ സ്കൂളിൽ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്ന ശേഷം യുവാവും ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ചിൽഡ്രൻസ് അക്കാദമി സ്കൂളിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ അധ്യാപികയായ നിഷ ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. മുഹമ്മദ് സൗദ് എന്ന യുവാവാണ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചത്.
ബാഗിൽ തോക്കുമായി സ്കൂളിലെത്തിയ സൗദ്, നിഷയോട് താഴേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാൽ താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ച യുവതിയെ ഇയാൾ ബലംപ്രയോഗിച്ച് വലിച്ചിറക്കുകയായിരുന്നു. പിടിവിടുവിക്കാൻ നിഷ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവം കണ്ട് സംശയം തോന്നിയ മറ്റൊരു അധ്യാപകൻ ഫാത്തിമയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും സൗദ് യുവതിയുടെ തലയിലേക്ക് വെടിയുതിർത്തിരുന്നു. തുടർന്ന് ഇയാൾ അതേ തോക്കുപയോഗിച്ച് സ്വന്തം തലയിലേക്കും നിറയൊഴിച്ചു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സൗദ് നാല് റൗണ്ട് വെടിയുതിർത്തതായാണ് സ്കൂളിലുണ്ടായിരുന്ന ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. കുട്ടികളും അധ്യാപകരും ഞെട്ടിനിൽക്കവേ പൊലീസെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിഷ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് സൗദിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.




