Spotlight

കുട്ടിയെ ചരടിൽ കെട്ടിത്തൂക്കിയ ചരടു പിന്നിക്കളി വിവാദത്തിൽ! വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം

ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിച്ച ചരടു പിന്നിക്കളിക്കിടെ കുട്ടിയെ ചരടിൽ കെട്ടിതൂക്കിയെന്ന് ആരോപിക്കപ്പെട്ട സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നൃത്തം തീരുന്നതുവരെ കുട്ടികളെ ഇത്തരത്തിൽ തൂക്കിയിടുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയര്‍ന്നത്.

ഈ കുട്ടികൾക്ക് പകരം ചുറ്റും കളിക്കുന്ന മുതിർന്നവർക്ക് തൂങ്ങിനിൽക്കാമായിരുന്നില്ലേ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. സംഭവം നീചവും നികൃഷ്ടവും അപരിഷ്കൃതവുമാണെന്നാണ് സംവിധായകൻ അരുൺ ഗോപി ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. എന്നാൽ, വിഷയത്തിൽ വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബർ 18-ന് സമാജത്തിന്റെ വനിതാവേദി അവതരിപ്പിച്ച ചരടു പിന്നിക്കളിയാണ് വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ ഫോട്ടോകളും വിഡിയോകളും മാത്രം കണ്ട് വസ്തുതാവിരുദ്ധമായി വിമർശിക്കുന്നത് നിർഭാഗ്യകരമാണെന്ന് സമാജം ഭാരവാഹികൾ വ്യക്തമാക്കി. പാട്ടിനും ചുവടുകൾക്കുമൊപ്പം ചരടുകൾ പിന്നി വിവിധ രൂപങ്ങൾ തീർക്കുകയും, പിന്നീട് അത് അഴിച്ചെടുക്കുകയും ചെയ്യുന്ന പരമ്പരാഗത കലാരൂപമാണിത്. ഇതിൽ കുട്ടികളും ഭാഗമാകുന്നുണ്ട്. മുതിർന്നവരുടെ ചുമലിൽ കയറിനിന്ന് റോപ്പിൽ പിടിച്ച് നിൽക്കുന്ന കുട്ടികൾക്ക് ചുറ്റും ചരടുകൊണ്ട് കവചം തീർക്കുകയാണ് ഇതിന്റെ സാമ്പ്രദായിക രീതി എന്ന് സമാജം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

ദിവസങ്ങളോളം കൃത്യമായി പരിശീലനം നൽകിയ ശേഷമാണ് ഇത് വേദിയിൽ അവതരിപ്പിച്ചത്. കുട്ടികൾക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഭാരവാഹികൾ നേരിട്ടെത്തി ഉറപ്പുവരുത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളും അവരുടെ മാതാപിതാക്കളും ഇത് പൂർണമായി ആസ്വദിക്കുകയാണുണ്ടായതെന്നും സമാജം കൂട്ടിച്ചേർത്തു. അതേസമയം, പ്രചരിക്കുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെയും വനിതകളുടെയും സുരക്ഷയ്ക്ക് എപ്പോഴും മുൻഗണന നൽകുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.