ടോക്കിയോ: സാധനങ്ങൾ എവിടെയെങ്കിലും മറന്നുവെച്ചാൽ പിന്നീട് തിരികെ ചെല്ലുമ്പോൾ അത് അവിടെ കാണുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ തന്റെ വൻവിലയുള്ള ഐഫോൺ 16 പ്രോ അഞ്ച് തവണ മറന്നുവെച്ചിട്ടും മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഒരു ഇന്ത്യൻ യുവതി.
ജപ്പാനിൽ താമസിക്കുന്ന യുവതി സമൂഹമാധ്യമത്തിലൂടെയാണ് അവിടുത്തെ ജനങ്ങളുടെ സത്യസന്ധത വെളിപ്പെടുത്തുന്ന ഈ സംഭവം തുറന്നുപറഞ്ഞത്. ഫോൺ ഉപയോഗം താരതമ്യേന കുറവായതിനാൽ പലപ്പോഴും എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നത് തന്റെ പതിവാണെന്ന് ഇവർ പറയുന്നു.
പലപ്പോഴും മാളുകളിലും മറ്റ് പൊതുവിടങ്ങളിലുമാണ് ഫോൺ മറന്നുവെക്കാറുള്ളത്. എന്നാൽ എത്ര സമയം കഴിഞ്ഞ് തിരികെയെത്തിയാലും ഫോൺ അവിടെത്തന്നെയുണ്ടാകും. അടുത്തിടെ ഫോൺ നഷ്ടപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞ് അർധരാത്രിയോടെയാണ് ഇവർ തിരച്ചിലിനായി ഇറങ്ങിയത്. ആപ്പിളിന്റെ ‘ഫൈൻഡ് മൈ’ ഫീച്ചറും ആപ്പിൾ വാച്ചും ഉപയോഗിച്ച് നോക്കിയപ്പോൾ ഫോൺ 600 മീറ്റർ അകലെയുണ്ടെന്ന് കണ്ടെത്തുകയും, ആ സ്ഥലത്തെത്തി ഫോൺ തിരികെ കൈപ്പറ്റുകയും ചെയ്തു.
മുൻപും സമാനമായ രീതിയിൽ നഷ്ടപ്പെട്ട ഫോൺ ഇവർക്ക് തിരികെ ലഭിച്ചിട്ടുണ്ട്. ഒരിക്കൽ ആരോ ഫോൺ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചപ്പോൾ, മറ്റൊരു തവണ സാധനങ്ങൾ വാങ്ങിയ പച്ചക്കറിക്കടയിൽ നിന്നാണ് ലഭിച്ചത്. രണ്ടുതവണ മാളുകളിലെ ട്രയൽ റൂമുകളിൽ നിന്നും ഫോൺ തിരികെ കിട്ടി. അഞ്ചുതവണ നഷ്ടമായിട്ടും ഫോൺ സുരക്ഷിതമായി തിരികെ ലഭിക്കാൻ ജപ്പാനിൽ മാത്രമേ സാധിക്കൂ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ യുവതി പറയുന്നത്. ജപ്പാൻകാരുടെ സത്യസന്ധതയ്ക്കുള്ള മികച്ച ഉദാഹരണമാണിതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും കുറിക്കുന്നത്.




