ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിലായി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നടന്ന സംഭവത്തിൽ പ്രതി സന്തോഷ് മിശ്രയെ (28) ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎസ്സി വിദ്യാർഥിയായ ശുഭം മിശ്ര എന്ന യുവാവിനെ വീടിന്റെ വരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അജ്ഞാതന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ അരനൂറോളം സിസിടിവി ദൃശ്യങ്ങളും മുന്നൂറോളം മൊബൈൽ നമ്പറുകളും പരിശോധിച്ചും പ്രാദേശിക വിവര ശേഖരണത്തിലൂടെയുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഇരുവരും അയൽവാസികളാണെന്നും പൊലീസ് വ്യക്തമാക്കി.
ഗൊരഖ്പുരിലെ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുമ്പോഴാണ് പുലർച്ചെ അഞ്ചോടെ ശുഭം ആക്രമിക്കപ്പെടുന്നത്. തലയ്ക്ക് ഇരുമ്പുകത്തി കൊണ്ട് വെട്ടേറ്റ ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ശുഭത്തിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭത്തിന്റെ പിതാവിന്റെ ചികിത്സയ്ക്കായി കുടുംബാംഗങ്ങൾ ലക്നൗവിൽ പോയ സമയത്തായിരുന്നു ആക്രമണം. തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശുഭത്തെ ആക്രമിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.




