കൊൽക്കത്ത: ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളിക്ഷേത്രത്തിലിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ സൗത്ത് ദിനാജ്പുർ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. ചോരവാർന്ന ഭാര്യയുടെ തലയുമായി ഇരിക്കുന്ന യുവാവിനൊപ്പം ഇവരുടെ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്.
സീമ സർക്കാർ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ റിന്റു ഘോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗംഗാരാംപുർ നാരായൺപുരിലെ നാലാം വാർഡിലുള്ള ക്ഷേത്രത്തിൽ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന റിന്റുവിനെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് അവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഭാര്യയെ മറ്റൊരു സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ തലയുമായി ക്ഷേത്രത്തിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
തന്റെ ജോലി നഷ്ടപ്പെട്ടെന്നും അതിന്റെ പേരിൽ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്നപ്പോൾ ഞാൻ സൈക്കോ ആയെന്നും പൊലീസ് വാഹനത്തിനടുത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി മാധ്യമങ്ങളോട് പറഞ്ഞു.. മുൻപ് എൻബിഎസ്ടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു റിന്റു. ജോലി പോയതോടെ കുടുംബം പുലർത്താൻ ഇയാൾ ഏറെ പ്രയാസപ്പെട്ടിരുന്നതായി ബന്ധുവായ രാജേഷ് പ്രമാണിക് വ്യക്തമാക്കി. കച്ചവടങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും സ്ഥിരവരുമാനം കണ്ടെത്താനായില്ല. അടുത്തകാലത്തായി ഇയാളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിരുന്നെന്നും മാംസാഹാരം പൂർണ്ണമായും ഉപേക്ഷിച്ച് വിചിത്രമായി പെരുമാറിയിരുന്നെന്നും പ്രമാണിക് കൂട്ടിച്ചേർത്തു.
ഈ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.




