Crime

ശിവശർമയുടെ മുഖത്ത് ലിപ്സ്റ്റിക് അടയാളങ്ങൾ വന്നത് എങ്ങനെ? ശ്രദ്ധ ദുബെയോട് 120 ചോദ്യങ്ങളുമായി പോലീസ്

നാഗ്പുർ: കഫേ ഉടമ ശിവ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ശ്രദ്ധ ദുബെയെ പോലീസ് ചോദ്യം ചെയ്തു. ശർമയുടെ മുഖത്തെ ലിപ്സ്റ്റിക് അടയാളങ്ങൾ, അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ, കാണാതായ മൊബൈൽ ഫോണുകൾ എന്നിവയെല്ലാം മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക ചോദ്യങ്ങളായി ഉയർന്നിട്ടുണ്ട്.

ഒക്ടോബർ ഒമ്പതിന് ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലുള്ള അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ശിവ മരിച്ചത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മുഖത്തെ ലിപ്സ്റ്റിക് പാടുകൾ വലിയ ചർച്ചയായിരുന്നു. ചോദ്യം ചെയ്യലിൽ ശിവ തന്റെ കാമുകനാണെന്ന് പറഞ്ഞ ശ്രദ്ധ, മുഖത്തെ ലിപ്സ്റ്റിക് പാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ മുഖത്ത് കുരുക്കൾ (pimples) വന്നതുകൊണ്ട് താൻ ദേഷ്യത്തിലായിരുന്നു എന്നാണ് മറുപടി നൽകിയത്.

വ്യാഴാഴ്ച മണിക്കൂറുകളോളമാണ് ശ്രദ്ധ, സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി എന്നിവരെ പോലീസ് ചോദ്യം ചെയ്തത്. നാഗ്പുരിൽ നിന്ന് അറസ്റ്റ് ചെയ്ത മൂവരെയും ലഖ്നൗവിലെത്തിച്ച ശേഷം ഒക്ടോബർ 31 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർ കേസിൽ പ്രതികളാണെന്നും ആരോപണങ്ങൾ അന്വേഷണത്തിനും ജുഡീഷ്യൽ നടപടികൾക്കും വിധേയമാണെന്നും കോടതി വ്യക്തമാക്കി.

ശിവ താഴേക്ക് വീഴുന്നതിന് മുൻപ് അപ്പാർട്ട്‌മെന്റിനുള്ളിൽ നടന്ന കാര്യങ്ങൾ വ്യക്തമാക്കാൻ ശ്രദ്ധയുടെ മറുപടി കൊണ്ട് മാത്രം സാധിക്കില്ല. ശിവയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ പുനർസൃഷ്ടിക്കാനും, അവിടെ ഉണ്ടായിരുന്നവരുടെ പെരുമാറ്റം പരിശോധിക്കാനും, സംഭവത്തിന് ശേഷം നടന്ന കാര്യങ്ങൾ വ്യക്തമാക്കാനും അന്വേഷകർ ഏകദേശം 120 ചോദ്യങ്ങളുള്ള പട്ടികയാണ് തയ്യാറാക്കിയിരുന്നത്.

27-കാരനായ കഫേ ഉടമയുടെ ശരീരത്തിലെ അടയാളങ്ങളാണ് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കാൻ ഇടയാക്കിയത്. ശിവ കൊല്ലപ്പെട്ടതാണെന്നും ശ്രദ്ധയ്ക്കും മറ്റുള്ളവർക്കും ഇതിൽ പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചപ്പോൾ, വഴക്കിന് ശേഷം ശിവ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ശ്രദ്ധയുടെ നിലപാട്.

ലിപ്സ്റ്റിക് അടയാളങ്ങളെക്കുറിച്ചുള്ള മറുപടി ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്നത്തെ സംഭവങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തിന് പുതിയ തലമാണ് നൽകുന്നത്. ചോദ്യം ചെയ്യലിലെ മൊഴികൾ ഭൗതിക തെളിവുകൾ, ഫോറൻസിക് കണ്ടെത്തലുകൾ, കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളുടെ മൊഴികൾ എന്നിവയുമായി ഒത്തുപോകുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു.

വീഴ്ചയുടെ സാഹചര്യങ്ങൾക്ക് പുറമേ മൊബൈൽ ഫോണുകൾ, ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങൾ, ശിവയുടെ മരണശേഷം പ്രതികൾ നടത്തിയ നീക്കങ്ങൾ എന്നിവയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ശ്രദ്ധയിൽ നിന്ന് ഐഫോൺ ഉൾപ്പെടെ രണ്ട് ഫോണുകളും 25,000 രൂപയും പോലീസ് കണ്ടെടുത്തുവെങ്കിലും ഫോണുകളിൽ സിം കാർഡുകൾ ഉണ്ടായിരുന്നില്ല.

ഈ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒക്ടോബർ ഒമ്പതിന് ശേഷമുള്ള വാട്‌സ്ആപ്പ് സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്തതായുള്ള റിപ്പോർട്ടുകളും അന്വേഷിക്കുന്നുണ്ട്. തന്റെ പഴയ ഫോണും സഹോദരിയുടെ ഫോണും നേപ്പാളിൽ വെച്ച് കാണാതായെന്നാണ് ശ്രദ്ധ പോലീസിനോട് പറഞ്ഞത്.

ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുക്കുന്നതും ആശയവിനിമയ വിവരങ്ങൾ പരിശോധിക്കുന്നതും സംഭവത്തിന് ശേഷം പ്രതികൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നും അവരുടെ നീക്കങ്ങളെക്കുറിച്ചുള്ള മൊഴികൾ പൊരുത്തപ്പെടുന്നുണ്ടോ എന്നും ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസിനെ സഹായിക്കും.

ലഖ്നൗവിൽ നിന്ന് പോയ ശേഷമുള്ള നീക്കങ്ങളെക്കുറിച്ചും നാഗ്പുരിൽ സഹായം നൽകിയവരെക്കുറിച്ചും അറിയാൻ പോലീസ് ശ്രമിക്കുന്നുണ്ട്. ശ്രദ്ധയും ശിവയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവവും അന്വേഷണത്തിൽ പ്രധാനമാണ്. ശ്രദ്ധ ശിവയെ കാമുകനായി വിശേഷിപ്പിച്ചെങ്കിലും, ഇവരുടെ ബന്ധത്തിന്റെ പശ്ചാത്തലവും മരണത്തിന് മുമ്പുള്ള സംഭവങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മൊഴികളിലെ വ്യത്യാസങ്ങൾ കണ്ടെത്താൻ മൂന്ന് പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്തത്. ഈ മൊഴികൾ മറ്റ് തെളിവുകളുമായി ഒത്തുനോക്കിയ ശേഷമായിരിക്കും വിലയിരുത്തുക. തെളിവുകൾ ആത്മഹത്യയാണെന്ന വാദത്തെയാണോ അതോ കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണത്തെയാണോ പിന്തുണയ്ക്കുന്നതെന്നും മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.