Featured Lifestyle

വേണ്ട ​മോനേ… വേണ്ട ​മോനേ… ആർഭാടകല്യാണത്തിനായി 45ലക്ഷം കടമെടുക്കാൻ മാതാപിതാക്കളുടെ സമ്മർദ്ദം; വേണ്ടെന്ന് സോഷ്യൽ മീഡിയ!

ആർഭാടത്തിനും പ്രൗഢിക്കും പേരുകേട്ട ഇന്ത്യൻ വിവാഹങ്ങൾ സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ അതിരുകടന്ന ചെലവുകളിലേക്ക് വഴിമാറുകയാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ലക്ഷങ്ങൾ ചെലവാക്കുന്ന ഈ രീതിയിൽ പല കുടുംബങ്ങളും കടക്കെണിയിലാകാറുണ്ട്. എന്നാൽ, സ്വന്തം വിവാഹത്തിനായി 50 ലക്ഷം രൂപ ചെലവഴിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തിനെതിരെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് 27-കാരനായ ഒരു യുവാവ്.

ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് പ്രണയവിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതെന്നും എന്നാൽ വിവാഹം തങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്തൂ എന്ന് മാതാപിതാക്കൾ നിർബന്ധം പിടിക്കുകയാണെന്നും യുവാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

1,500 ഓളം അതിഥികളെ പങ്കെടുപ്പിച്ച് വളരെ ഗംഭീരമായി വിവാഹം നടത്തണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. കുടുംബസ്വത്ത് വിൽക്കാൻ സാധിച്ചില്ലെങ്കിൽ 45 ലക്ഷം രൂപയുടെ പേഴ്സണൽ ലോൺ എടുക്കാൻ ഇവർ മകനോട് ആവശ്യപ്പെട്ടു. ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാർ വാങ്ങുന്നതും ഉൾപ്പെടെയാണ് 50 ലക്ഷം രൂപ ചെലവ് കണക്കാക്കിയിരിക്കുന്നത്. നിലവിൽ യുവാവിന്റെ പിതാവിന് 50 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. സ്ഥലം വിറ്റ് ഈ കടമെല്ലാം വീട്ടാമെന്ന് പിതാവ് അവകാശപ്പെടുന്നുണ്ടെങ്കിലും വസ്തു വാങ്ങാൻ ഇതുവരെ ആളുകളാരും എത്തിയിട്ടില്ല. കൂടാതെ ഈ വസ്തുക്കൾ നിലവിൽ ബാങ്ക് ഈടിലുമാണ്.

അതേസമയം, വധുവിന്റെ വീട്ടുകാർ 15 ലക്ഷം രൂപ ചെലവിൽ വളരെ ലളിതമായ രീതിയിൽ വിവാഹം നടത്താൻ തയ്യാറാണ്. തങ്ങളുടെ കുടുംബത്തിൽ ഇതുവരെ ആരും വലിയ രീതിയിൽ വിവാഹം നടത്തിയിട്ടില്ലെന്നും, ഇതൊരു മിശ്രവിവാഹമായതിനാൽ ആളുകളെ കാണിക്കാൻ ഗംഭീരമായി തന്നെ നടത്തണമെന്നുമാണ് മാതാപിതാക്കളുടെ വാദം. ഇപ്പോൾ പണമില്ലെങ്കിൽ രണ്ടു വർഷത്തിന് ശേഷം വിവാഹം നടത്താമെന്നും ഇവർ പറയുന്നു. എന്നാൽ അത്രയും കാലം കാത്തിരിക്കാൻ വധുവിന്റെ വീട്ടുകാർക്ക് സാധിക്കില്ല.

ഈ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെ, വിവാഹത്തിനായി കടമെടുക്കരുതെന്ന ശക്തമായ ഉപദേശവുമായാണ് നെറ്റിസൺസ് എത്തിയത്. യുവാവിന്റെ മാതാപിതാക്കൾക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമില്ലെന്നും, വിവാഹം മുടക്കാൻ വേണ്ടിയാണ് ഇത്തരം തടസ്സങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. വിവാഹം ഏതാനും മണിക്കൂറുകൾ കൊണ്ട് തീരുമെന്നും എന്നാൽ അതിന്റെ കടബാധ്യതകൾ അടുത്ത 10 അല്ലെങ്കിൽ 20 വർഷത്തേക്ക് ജീവിതം തകർക്കുമെന്നും ഉപയോക്താക്കൾ ഓർമ്മിപ്പിച്ചു. ആൾക്കാരെ കാണിക്കാൻ വേണ്ടി കടമെടുത്ത് ആർഭാടം കാണിക്കുന്നത് ദാരിദ്ര്യത്തിലേക്ക് വേഗത്തിൽ എത്തിക്കുമെന്നും ആളുകൾ കുറിച്ചു.