സെൻട്രൽ ഡൽഹിയിൽ സുഹൃത്തിനെ കാണാൻ വീട്ടിൽനിന്ന് ഇറങ്ങിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ആറിടത്ത് മാരകമായി കുത്തേറ്റാണ് പെൺകുട്ടി മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വയലിൽ തള്ളിയ മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്ത് കൊണ്ടുവന്നതോടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതായി നാട്ടുകാർ കണ്ടത്. മൃതദേഹത്തിൽ നിന്ന് കൈകൾ വേർപെട്ട നിലയിലായിരുന്നു, ചില ഭാഗങ്ങൾ നായ്ക്കൾ തിന്നുകയും ചെയ്തിരുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായ മൃതദേഹം തുടർന്നുനടത്തിയ വിശദമായ പരിശോധനയിലാണ് കാണാതായ പെൺകുട്ടിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രാത്രി സുഹൃത്തായ പതിനേഴുകാരനെ കാണാനെത്തിയ പെൺകുട്ടിയെ ഇയാൾ ടെമ്പോ വാനിലേക്ക് കയറ്റി പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞ് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, യുവാവ് മറ്റ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ബലമായി കീഴടക്കി. തുടർന്ന് മദ്യലഹരിയിലായിരുന്ന മറ്റുള്ളവരും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിലെ ചെളിയിൽ താഴ്ത്തി ഇലകൾ കൊണ്ട് മൂടുകയുമായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
വയലിന് സമീപത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാല് യുവാക്കളുമായി വാന്‍ വയലിലേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാന്‍ കസ്റ്റഡിയിലെടുത്തതും. രണ്ടുദിവസം കഴിഞ്ഞ് മടങ്ങിയെത്തുമെന്നാണ് പെൺകുട്ടി പറഞ്ഞിരുന്നതെന്നതിനാൽ വീട്ടുകാരും അന്വേഷിച്ചിരുന്നില്ല. പഠനം ഉപേക്ഷിച്ച പെൺകുട്ടി കുടുംബത്തെ സഹായിക്കാൻ ജോലി അന്വേഷിച്ചു വരികയായിരുന്നു.




