ജാർഖണ്ഡിലെ ജാംതാറ സ്വദേശിയായ രാജേഷ് രവാനി കുടുംബം പുലർത്താൻ 25 വർഷത്തിലേറെയായി ഇന്ത്യയിലുടനീളം ലോറി ഓടിച്ചിരുന്ന സാധാരണക്കാരനായിരുന്നു. എന്നാൽ ഇന്ന് റോഡരികിൽ ഭക്ഷണം പാകം ചെയ്തിരുന്ന ആ സാധാരണ ഡ്രൈവർ സ്വന്തമായി ‘ഡ്രീം ലക്ഷ്റി ട്രക്ക്’ നിർമ്മിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററാണ്.
ഭക്ഷണത്തോടുള്ള വലിയ ഇഷ്ടത്തിൽ നിന്നാണ് രാജേഷിന്റെ ഡിജിറ്റൽ ജീവിതം ആരംഭിക്കുന്നത്. ദീർഘദൂര യാത്രകൾക്കിടയിൽ ഹൈവേയോരങ്ങളിൽ വണ്ടി നിർത്തി മട്ടൺ, ചിക്കൻ, ഫിഷ്, പനീർ വിഭവങ്ങൾ സ്വയം ഉണ്ടാക്കി കഴിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. താൻ എവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും കുടുംബത്തെ അറിയിക്കാൻ രാജേഷ് വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തിരുന്ന ചിത്രങ്ങളും ചെറു വീഡിയോകളും മകൻ സാഗർ രവാനി എഡിറ്റ് ചെയ്ത് 2021-ൽ ‘R Rajesh Vlogs’ എന്ന പേരിൽ യൂട്യൂബിൽ പങ്കുവെക്കാൻ തുടങ്ങി. പിന്നീട് കാണികളുടെ ആവശ്യപ്രകാരം മകൻ എടുത്ത രാജേഷിന്റെ ഒരു വീഡിയോ 24 മണിക്കൂറിനുള്ളിൽ 4.5 ലക്ഷത്തോളം ആളുകളാണ് കണ്ടത്. ഇതോടെ ചാനലിന്റെ ജനപ്രീതി കുത്തനെ ഉയർന്നു.
ഡ്രൈവിംഗ് ജോലിയിലൂടെ മാസം 25,000 മുതൽ 30,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് യൂട്യൂബിൽ നിന്ന് പ്രതിമാസം 4 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയും, ചില മാസങ്ങളിൽ 18 ലക്ഷം രൂപ വരെയും വരുമാനം ലഭിക്കാൻ തുടങ്ങി. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പോലും രാജേഷിന്റെ കഠിനാധ്വാനത്തെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചിരുന്നു.
യൂട്യൂബിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് തനിക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ട്രക്ക് രാജേഷ് ഡിസൈൻ ചെയ്തു. എയർ കണ്ടീഷനിംഗ്, കസ്റ്റം സ്റ്റോറേജ്, ആഡംബര സീറ്റുകൾ, മൊബൈൽ കിച്ചൺ എന്നിവ ഉൾപ്പെടുത്തിയ ഇതിനെ “ഇന്ത്യയിലെ ഏറ്റവും ആഡംബരമുള്ള ട്രക്ക്” എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കുന്നത്.
മുമ്പ് നടന്ന ഒരു വലിയ റോഡപകടത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണ് രാജേഷ് കുടുംബത്തെ നോക്കിയതും സ്വന്തമായി വീട് വെച്ചതും. ഇന്ന് യൂട്യൂബിൽ മുപ്പത് ലക്ഷത്തോളം സബ്സ്ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ ഇരുപത് ലക്ഷത്തോളം ഫോളോവേഴ്സുമുള്ള പ്രമുഖ വ്ലോഗറാണ് ഇദ്ദേഹം.




