Spotlight

സർക്കാർ സീൽ ചെയ്ത ആശുപത്രിയിൽ പിൻവാതിലിലൂടെ ഗർഭിണിയെ പ്രവേശിപ്പിച്ച് പ്രസവം; പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം

ലക്നൗ∙ ആരോഗ്യ വകുപ്പ് സീൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് ഈ ദാരുണ സംഭവം നടന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമവാസിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ച ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചത്.

ആശാ വർക്കറുടെ നിർദേശപ്രകാരമാണ് ഭാര്യയെ ഇന്ദ്രജീത് ആശുപത്രിയിൽ എത്തിച്ചതെന്ന് അജിത് ചീഫ് മെഡിക്കൽ ഓഫിസർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അവിടെയെത്തിച്ചപ്പോൾ ഹിമാൻഷു യാദവ് എന്ന ഡോക്ടർ യുവതിയുടെ നില ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണമെന്നും അറിയിച്ചു. പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിക്കുകയും സരിതയ്ക്ക് അമിത രക്തസ്രാവമുണ്ടാകുകയും ചെയ്തു. തുടർന്ന് ചികിത്സ നൽകാൻ ജീവനക്കാർ വിസമ്മതിച്ചതോടെ യുവതിയെ മൗവിലെയും പിന്നീട് വാരാണസിയിലെയും മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ വർഷമാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ തുടർന്ന് ഇന്ദ്രജീത് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പങ്കജ് റായി സ്ഥിരീകരിച്ചു. പ്രധാന കവാടം പൂട്ടിയിട്ട് പിൻവാതിലിലൂടെ രഹസ്യമായി രോഗികളെ പ്രവേശിപ്പിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. അജിതിന്റെ പരാതിയെ തുടർന്ന് ആശുപത്രി അധികൃതർ വീണ്ടും പൂർണ്ണമായി സീൽ ചെയ്തതായി അദ്ദേഹം അറിയിച്ചു.