ജിന്ന് മന്ത്രിച്ച പഴമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിപ്പിച്ചു. മലപ്പുറം തിരുനാവായയിൽ ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. ഒരു ഏത്തപ്പഴത്തിന് 1000 മുതൽ 2500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്.
ആലപ്പുഴ സ്വദേശിയായ ജമാലുദ്ദീന്റെ നേതൃത്വത്തിൽ തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാർ പൂട്ടിപ്പിച്ചത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവങ്ങൾ ഒഴിപ്പിച്ചു തരുമെന്നും വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.
സ്ഥാപനത്തിനുള്ളിൽ ‘ജിന്ന്’ ആയി വേഷമിട്ട ഒരാളുണ്ടായിരുന്നു. ഇയാളെ ജിന്നായി അവതരിപ്പിച്ചാണ് ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. സ്പീക്കർ ബോക്സിലൂടെ അറബിയും ഉറുദുവും സംസാരിച്ചും ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെടുന്ന പഴങ്ങൾ ലേലം വിളിച്ചുമാണ് ആളുകൾക്ക് നൽകിയിരുന്നത്.
തൊലി കളയാത്ത ഏത്തപ്പഴം ഉള്ളിൽ രണ്ടു കഷ്ണങ്ങളായി മുറിഞ്ഞിരിക്കുന്നത് കാണിച്ച് ‘അത്ഭുത പഴം’ എന്ന പേരിലാണ് ഉയർന്ന തുകയ്ക്ക് ഇവർ വിറ്റിരുന്നത്. നാലുമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രത്തിൽ തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരുന്നു ആളുകൾ എത്തിയിരുന്നതെങ്കിലും പിന്നീട് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
എന്നാൽ ഈ ‘അത്ഭുത വിദ്യ’യുടെ പിന്നിലെ തട്ടിപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയായിരുന്നു. പഴത്തിന്റെ തൊലി കളയാതെ തന്നെ സൂചി ഉപയോഗിച്ച് ഉള്ളിലെ പഴം മുറിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന വീഡിയോകൾ വൈറലായി. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി കേന്ദ്രം പൂട്ടിക്കുകയായിരുന്നു. സംഭവത്തിൽ തിരുനാവായ പൊലീസിലും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നാട്ടുകാർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.




