Featured Healthy Food

ചോറ് കഴിച്ചുകൊണ്ടും തടി കുറയ്ക്കാം! ഡോക്ടർ പറയുന്ന രഹസ്യം ഇതാ

ശരീരഭാരം കുറയ്ക്കുക എന്നത് ഇക്കാലത്ത് ഭൂരിഭാഗം ആളുകളുടെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സാധാരണയായി ഭക്ഷണക്രമത്തിൽ നിന്ന് ആദ്യം ഒഴിവാക്കുന്നത് ചോറാണ് (വെളുത്ത അരി). ചോറിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നും ഇത് തടി കൂട്ടുമെന്നുമാണ് പൊതുവെയുള്ള ധാരണ. ഇതോടെ പലരും തവിടുള്ള അരിയിലേക്ക് (ബ്രൗൺ റൈസ്) മാറുകയോ ചോറ് പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നു. എന്നാൽ ശരീരഭാരം കുറയ്ക്കാൻ വെളുത്ത അരി പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

ഭക്ഷണം കഴിക്കുന്നതിന്റെ അളവ് , അതിൽ നിന്ന് ലഭിക്കുന്ന ആകെ കലോറി, ചോറിനൊപ്പം കഴിക്കുന്ന വിഭവങ്ങൾ, നിങ്ങളുടെ ഭക്ഷണ രീതി എന്നിവയാണ് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമെന്ന് ഷാർഡാകെയർ-ഹെൽത്ത് സിറ്റിയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. ചിരാഗ് ടണ്ടൻ വ്യക്തമാക്കുന്നു. അതിനാൽ ചോറിനെ ഒരു ശത്രുവായി കാണാതെ, അത് കഴിക്കുന്ന രീതിയും അളവും ക്രമീകരിക്കുകയാണ് വേണ്ടത്.

ചോറ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ തടസ്സമാണോ?

തീർച്ചയായും അല്ല. നമ്മൾ കഴിക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ശരീരത്തിൽ നിന്ന് ചെലവാക്കപ്പെടുക (Calorie Deficit) എന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന വഴി. കൃത്യമായ അളവിൽ ചോറ് കഴിക്കുന്നത് ഇതിന് തടസ്സമാകില്ല. എന്നാൽ അളവ് നിയന്ത്രിക്കാതെ വലിയ അളവിൽ ചോറ് കഴിക്കുമ്പോൾ കലോറി കൂടുകയും അത് ഭാരവർദ്ധനവിന് കാരണമാകുകയും ചെയ്യും.

പ്രോസസ്സിംഗിലൂടെ നാരുകളും പോഷകങ്ങളും മാറ്റപ്പെടുന്ന ഒന്നാണ് വെളുത്ത അരി. ഇതിൽ നാരുകളുടെ അളവ് കുറവായതിനാൽ എളുപ്പത്തിൽ ദഹിക്കുകയും പെട്ടെന്ന് വീണ്ടും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇത് ചിലപ്പോൾ കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാക്കിയേക്കാം. എന്നാൽ ഇതുകൊണ്ട് മാത്രം ചോറ് ശരീരഭാരം കൂട്ടുമെന്ന് പറയാനാകില്ല. ചോറിനൊപ്പം കഴിക്കുന്ന കൂട്ടാനുകളാണ് ഇവിടെ കൂടുതൽ നിർണ്ണായകം. ചോറിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, എണ്ണമയമുള്ള കറികൾ, മധുരപാനീയങ്ങൾ എന്നിവ കഴിക്കുമ്പോൾ കലോറി വൻതോതിൽ കൂടുന്നു. അതിനാൽ ചോറ് ഒഴിവാക്കുന്നതിന് പകരം ചോറിന്റെ അളവ് കുറച്ച് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ചോറ് കഴിക്കുമ്പോൾ എന്തിനാണ് പ്രോട്ടീനും നാരുകളും വേണമെന്ന് പറയുന്നത്?

ചോറിലുള്ള കുറഞ്ഞ നാരുകളുടെ അളവ് മൂലം പെട്ടെന്ന് വിശക്കുന്നത് ഒഴിവാക്കാൻ പ്രോട്ടീനും നാരുകളും അടങ്ങിയ വിഭവങ്ങൾ സഹായിക്കും. ചെറിയ അളവിൽ ചോറെടുത്ത് അതിനൊപ്പം പരിപ്പ്, മുട്ട, മീൻ, ചിക്കൻ, പനീർ, സമൃദ്ധമായി പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താൻ ഡോ. ടണ്ടൻ നിർദ്ദേശിക്കുന്നു. പ്രോട്ടീൻ വയർ നിറഞ്ഞ സംതൃപ്തി തരുമ്പോൾ, പച്ചക്കറികൾ ആവശ്യത്തിന് നാരുകളും വൈറ്റമിനുകളും നൽകുന്നു. ഇത് ഭക്ഷണത്തെ പൂർണ്ണവും പോഷകസമൃദ്ധവുമാക്കും.

കൂടാതെ ചോറ് തയ്യാറാക്കുന്ന രീതിയും പ്രധാനമാണ്. ചോറിൽ അമിതമായി നെയ്യോ വെണ്ണയോ ചേർക്കുന്നതും, കൊഴുപ്പ് കൂടിയ കറികൾക്കൊപ്പം കഴിക്കുന്നതും കലോറി കൂട്ടും. അതിനാൽ ഒരു ഭക്ഷണ പദാർത്ഥത്തെ മാത്രം കുറ്റപ്പെടുത്താതെ, കഴിക്കുന്ന ഭക്ഷണത്തിന്റെ ആകെ സ്വഭാവം നോക്കുന്നതാണ് ബുദ്ധി.

ചോറ് ഇഷ്ടപ്പെടുന്നവർക്ക് അത് പൂർണ്ണമായി ഉപേക്ഷിക്കാതെ തന്നെ ശരീരഭാരം കുറയ്ക്കാം. ഏതെങ്കിലും ഒരു ഭക്ഷണത്തെ ഭയപ്പെടാതെ, സമീകൃതവും മിതമായതുമായ ഭക്ഷണക്രമത്തിലൂടെ കലോറി നിയന്ത്രിക്കുകയാണ് വേണ്ടത്. അളവ് കൃത്യമാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ചോറ് കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.