സിഎംആർഎൽ – എക്സാലോജിക് കേസിൽ ഡിജിപിക്ക് ഇഡി കൈമാറിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി മകൾ വഴി കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.
മകൾ വഴി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് വീണ സഹായിയായെന്നുമാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് മുഹമ്മദ് റിയാസ് ഈ കൈക്കൂലിപ്പണം ദുബായിലേക്ക് കടത്തിയെന്നും ഇതിനായി നിഖിൽ, നന്ദുലാൽ എന്നിവർ സഹായിച്ചെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. സംഭവത്തിൽ പിണറായിയെയും റിയാസിനെയും ഇഡി ചോദ്യം ചെയ്തേക്കും. റിപ്പോർട്ട് ലഭിച്ച കാര്യം ഡിജിപിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡിജിപിക്ക് ലഭിച്ച ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോ എന്ന കാര്യത്തിലാണ് ഇനി തീരുമാനമാകേണ്ടത്. വിഷയം നിയമോപദേശത്തിന് ശേഷമേ തീരുമാനിക്കൂ. മേയ് മാസത്തിലാണ് കേസിൽ ഇഡി പുനരന്വേഷണം തുടങ്ങിയത്. ഇതേത്തുടർന്ന് പിണറായി വിജയന്റെ വീടടക്കം രണ്ടു കേന്ദ്രങ്ങളിൽ റൈഡ് നടത്തുകയും വീണയെ രണ്ടുതവണ ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തിരുന്നു. കൂടാതെ റിയാസുമായി ബന്ധപ്പെട്ട സുഹൃത്തുക്കളിലേക്കും അന്വേഷണം നീണ്ടു.
കേസിൽ സിഎംആർഎൽ മേധാവി ശശിധരൻ കർത്ത നൽകിയ മൊഴിയും തിരിച്ചടിയായിട്ടുണ്ട്. വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആർഎല്ലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ശശിധരൻ കർത്തയുടെ മൊഴി. ഒരു സേവനവും നൽകാതെ 2.78 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.




