ഗുവാഹത്തി: ഇരുപത്തിയഞ്ചുകാരിയായ റിയ താലൂക്ദാർ എന്ന നവവധുവിനെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുവാഹത്തി സ്വദേശിനിയായ റിയയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ദമ്പതികളെ രണ്ടുദിവസമായി പുറത്തു കണ്ടിരുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അയൽക്കാർ വ്യക്തമാക്കി. തുടർന്ന് വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് റിയയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല; കൈവിരലുകൾ പകുതിയോളം മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തല ഫ്രിജിൽ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയ്ക്ക് ശേഷം കാണാതായ ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടയിലാണ് ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.
മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.




