Spotlight

ചിമ്പാൻസിയുമായി റിംഗിൽ ഏറ്റുമുട്ടാനൊരുങ്ങി എംഎംഎ താരം ജാൺസൺ, 9/11-, ലോകം നടുങ്ങിയ ദിനത്തില്‍ അപൂർവ്വ പോര്

മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഫൈറ്ററായ കോൾ ജോൺസൺ ചിമ്പാൻസിയുമായി നേർക്കുനേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 30-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ജോൺസൺ ചിമ്പാൻസിയുമായി ഏറ്റുമുട്ടുമെന്ന വിവരം ആദ്യമായി പങ്കുവെച്ചത്.

റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 11-നാണ് ഈ മത്സരം നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. സാധാരണ മനുഷ്യനേക്കാൾ രണ്ടിരട്ടി ശക്തിയുള്ള ചിമ്പാൻസിയെ പോരാട്ടത്തിൽ കീഴടക്കാൻ തനിക്ക് കഴിയുമെന്നാണ് ജോൺസൺ വീഡിയോയിൽ അവകാശപ്പെടുന്നത്. പിന്നീട് സംരംഭകനായ ബ്രെണ്ടൻ റൂവുമായുള്ള അഭിമുഖത്തിലും ഇയാൾ ഈ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

യഥാർത്ഥത്തിൽ ചിമ്പാൻസിയുമായി പോരാടാൻ പോകുകയാണോ എന്ന് റൂ ചോദിച്ചപ്പോൾ ‘അതെ’ എന്നായിരുന്നു ജോൺസന്റെ മറുപടി. തുടക്കത്തിൽ തമാശയായിട്ടാണ് വീഡിയോ ചെയ്തതെന്നും എന്നാൽ യഥാർത്ഥത്തിൽ ചിമ്പാൻസിയെ തോൽപ്പിക്കാൻ തനിക്ക് കഴിയും എന്ന് വിശ്വസിച്ചിരുന്നതായും ജോൺസൺ വിശദീകരിച്ചു. വീഡിയോ തരംഗമായതോടെ 5 ലക്ഷം ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്ത് ചിലർ രംഗത്തെത്തി. എന്നാൽ ആ വാഗ്ദാനം പിന്നീട് പിൻവലിക്കപ്പെട്ടു.

തുടർന്ന് പോരാട്ടം ഉപേക്ഷിച്ചതായി അറിയിച്ചെങ്കിലും, വെളിപ്പെടുത്താൻ സാധിക്കാത്ത അതിലും വലിയ തുക വാഗ്ദാനം ചെയ്തുകൊണ്ട് മറ്റൊരു അവസരം തേടിയെത്തിയതായി ഇയാൾ പറയുന്നു. പോരാട്ട സമയത്ത് മയക്കുവെടി വെയ്ക്കാനുള്ള ആളുകൾ അവിടെ ഉണ്ടായിരിക്കും. മൃഗത്തെ കൊല്ലാനോ അല്ലെങ്കിൽ താൻ കൊല്ലപ്പെടാനോ ആഗ്രഹിക്കുന്നില്ലെന്നും, സ്വന്തം ശേഷി പരിശോധിക്കാൻ വേണ്ടിയാണ് ഈ സാഹസത്തിന് മുതിരുന്നതെന്നും ജോൺസൺ വ്യക്തമാക്കി. ഇതിനിടെ, സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പ്രതികരണം അറിയാനായി “മനുഷ്യൻ ജയിക്കും” അല്ലെങ്കിൽ “ചിമ്പാൻസി ജയിക്കും” എന്നീ ഓപ്ഷനുകളോടെ ഒരു പോളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.