ചിറയിൻകീഴ് എം.എൽ.എ രമ്യാ ഹരിദാസിന്റെ അഡീഷണൽ പി.എയാണ് പാളയം പ്രദീപ് എന്ന അവകാശവാദം തെറ്റാണെന്ന് തെളിയുന്നു. ഔദ്യോഗിക സ്റ്റാഫുകളുടെ പട്ടികയിൽ പ്രദീപിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. എന്നിരുന്നാലും, രമ്യയുടെ സഹായിയായി പ്രവർത്തിക്കുന്ന ഇയാൾ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തിൽ പങ്കെടുത്ത നടപടി വലിയ വിവാദമായിട്ടുണ്ട്. ഔദ്യോഗിക പി.എയ്ക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുള്ള യോഗത്തിൽ പ്രദീപ് എത്തിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സജിത്ത് മുട്ടപ്പാലം രംഗത്തെത്തിയിരുന്നു.
അതേസമയം, എം.എൽ.എ രമ്യാ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുള്ള തർക്കത്തിൽ വളരെ ജാഗ്രതയോടെയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതാവ് സജാദിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. രമ്യയെ ആദ്യം ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം നിലവിൽ ഒളിവിലാണ്. അവധാനതയോടെ വേണം നടപടികളിലേക്ക് നീങ്ങാനെന്ന് റൂറൽ പൊലീസ് മേധാവിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
തന്നെ ആസൂത്രിതമായി ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എം.എൽ.എ ആവശ്യപ്പെടുമ്പോൾ, രമ്യയ്ക്കൊപ്പം എത്തിയ പാളയം പ്രദീപ് തങ്ങളുടെ മകളെ ഭീഷണിപ്പെടുത്തുകയും കടുത്ത മാനസിക വിഷമത്തിലാക്കുകയും ചെയ്തതായാണ് സജാദും ഭാര്യയും പൊലീസിന് നൽകിയ മൊഴി. ഇതിനിടെ, പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെ.പി.സി.സി അന്വേഷണ കമ്മീഷൻ യോഗം ചേരുകയും രമ്യയോടും മറ്റ് പ്രാദേശിക നേതാക്കളോടും ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.




