ലിംഗവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ പാളി. നൈജീരിയൻ–ബ്രിട്ടീഷ് ഇൻഫ്ലുവൻസറായ ഇഗോ ഉപിരിബോ (43) മരണപ്പെട്ടു. ഭാര്യയോടൊപ്പം തായ്ലൻഡ് സന്ദർശിക്കുന്നതിനിടെ ബാങ്കോക്കിൽ വച്ചാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മാർച്ചിലായിരുന്നു ഈ സംഭവം നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തിരുമ്മൽ ചികിത്സയ്ക്കിടെ ഉപിരിബോയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. ഇവിടെ സിടി സ്കാനിങ്ങിന് വിധേയനാക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇയാൾക്ക് നൽകിയ ഹൈലുറോണിക് ആസിഡും ലൈഡോകെയ്നും അടങ്ങിയ കുത്തിവയ്പ്പാണ് രക്തം കട്ടപിടിക്കാനും തുടർന്നുള്ള മരണത്തിനും കാരണമായതെന്ന് പിന്നീട് യുകെയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലും സ്ഥിരീകരിച്ചു.
ആഡംബരപൂർണ്ണമായ ജീവിതരീതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് ഉപിരിബോ ശ്രദ്ധേയനാകുന്നത്. മരണശേഷം ഏകദേശം ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന അപൂർവ്വ ശവപ്പെട്ടിയിലാണ് ഇയാളുടെ ഭൗതികശരീരം അടക്കം ചെയ്തത്.
ലിംഗവലുപ്പം വർദ്ധിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയകളിൽ സാധാരണയായി ഹൈലുറോണിക് ആസിഡ് അടങ്ങിയ ഇംപ്ലാന്റുകൾ ഉപയോഗിക്കാറുണ്ട്. ഇതാണ് ഇയാളിൽ കടുത്ത അലർജിക്ക് കാരണമായതെന്ന നിഗമനവുമുണ്ട്.




