ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യ എണ്ണകളിലൊന്നാണ് പാം ഓയിൽ. നാം കഴിക്കുന്ന പല പാക്കറ്റ് ഭക്ഷണങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാം ഓയിൽ എന്താണെന്നും, അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എണ്ണപ്പനയുടെ പഴത്തിൽ നിന്നാണ് ഈ എണ്ണ വേർതിരിച്ചെടുക്കുന്നത്. ഇതിൽ ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഹൃദ്രോഗ സാധ്യതയുള്ളവരും ഹൃദ്രോഗികളായവരും ഇതിന്റെ ഉപയോഗം ശ്രദ്ധിക്കേണ്ടതുണ്ട്. പാം ഓയിലിൽ പൂരിത (saturated), അപൂരിത (unsaturated) കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ശുദ്ധീകരിക്കുന്ന രീതിയും നമ്മുടെ ഭക്ഷണശീലങ്ങളുമാണ് ഇതിന്റെ ആരോഗ്യ വശങ്ങളെ നിർണ്ണയിക്കുന്നത്.
എണ്ണപ്പനകളിൽ നിന്ന് വൻതോതിൽ ഉത്പാദിപ്പിക്കുന്ന പാം ഓയിൽ, വലിയ തോതിലുള്ള വനനശീകരണത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അസംസ്കൃത അല്ലെങ്കിൽ റെഡ് പാം ഓയിൽ, ശുദ്ധീകരിച്ച പാം ഓയിൽ (RBD), പാം കേർണൽ ഓയിൽ എന്നിങ്ങനെ പലതരത്തിലുള്ള പാം ഓയിലുകൾ ലഭ്യമാണ്. റെഡ് പാം ഓയിലിൽ വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ശുദ്ധീകരണ പ്രക്രിയയിലൂടെ (refining) ഇവയിൽ ഭൂരിഭാഗവും നഷ്ടപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച് 100 ഗ്രാം പാം ഓയിലിൽ 884 കലോറിയും, 49-50 ഗ്രാം പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതിൽ കൊളസ്ട്രോൾ പൂജ്യമാണെങ്കിലും, വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ ഇത് ദഹനവ്യവസ്ഥയെയും വയറ്റിലെ കോശങ്ങളെയും ദോഷകരമായി ബാധിക്കും.
മിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ചില ഗുണങ്ങളും പാം ഓയിലിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. റെഡ് പാം ഓയിൽ വിറ്റാമിൻ എ നൽകുന്നതാണ്. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങളും ഇതിലുണ്ട്. എന്നാൽ പാക്കറ്റ് ഭക്ഷണങ്ങളിലൂടെയും സംസ്കരിച്ച ഭക്ഷണങ്ങളിലൂടെയും ഇത് നിരന്തരം ശരീരത്തിലെത്തുന്നത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകും. അതിനാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും ഹൃദ്രോഗ സാധ്യതയുള്ളവരും പാം ഓയിലിന്റെ ഉപയോഗത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
അമിതമായ ഉപയോഗം ശരീരത്തിൽ പൂരിത കൊഴുപ്പ് കൂട്ടാനും, ശരീരഭാരം വർദ്ധിപ്പിക്കാനും ഇടയാക്കും. എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കൂടുതൽ വില്ലനാകുന്നു. ദിവസേന കഴിക്കുന്ന മൊത്തം കലോറിയുടെ 10 ശതമാനത്തിൽ താഴെ മാത്രമേ പൂരിത കൊഴുപ്പ് ആകാവൂ എന്നാണ് ലോക ആരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്നത്. അതിനാൽ പാം ഓയിൽ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം അളവ് കുറയ്ക്കുക, കടുകെണ്ണ, ഒലിവ് ഓയിൽ തുടങ്ങിയ മറ്റ് നല്ല എണ്ണകൾ മാറിമാറി ഉപയോഗിക്കുക, പാക്കറ്റ് ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കാതിരിക്കുക എന്നിവ ശീലമാക്കാം.




