മാസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെക്കുന്ന ഐ ഡ്രോപ്പുകൾ ആവശ്യമുള്ളപ്പോൾ വീണ്ടും ഉപയോഗിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ? എങ്കിൽ അതിൽ അച്ചടിച്ചിരിക്കുന്ന എക്സ്പയറി ഡേറ്റ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഐ ഡ്രോപ്പുകളുടെ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പയറി ഡേറ്റ് മാത്രം നോക്കുന്നത് കണ്ണുകളുടെ സുരക്ഷയ്ക്ക് പര്യാപ്തമല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ബോട്ടിൽ തുറന്ന് കഴിഞ്ഞ് മരുന്ന് തീർന്നില്ലെങ്കിലും അച്ചടിച്ച എക്സ്പയറി ഡേറ്റ് കഴിയാൻ ഏറെ സമയമുണ്ടെങ്കിലും, ഒരു മാസത്തിന് ശേഷം മൾട്ടി-ഡോസ് ഐ ഡ്രോപ്പുകൾ ഉപേക്ഷിക്കേണ്ടതാണ്. കൂടാതെ, പ്രിസർവേറ്റീവുകൾ ഇല്ലാത്ത സിംഗിൾ-യൂസ് മരുന്നുകൾ തുറന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ കളയണമെന്നും ഡൽഹി മരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ഒഫ്താൽമോളജി വിഭാഗം ഡയറക്ടർ ഡോ. ഷിബാൽ ഭാരതിയ വ്യക്തമാക്കുന്നു.
ഐ ഡ്രോപ്പ് ബോട്ടിൽ തുറക്കുന്നതോടെ അതിലെ സീൽ നഷ്ടപ്പെടുകയും അന്തരീക്ഷ വായുവുമായും തൊലിപ്പുറവുമായും സമ്പർക്കത്തിൽ വരുകയും ചെയ്യുന്നു. ഇത് ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കൾ വഴി മരുന്ന് മലിനമാകാനുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നു. ബോട്ടിലിന്റെ അറ്റം കണ്പീലികളിലോ കൺപോളകളിലോ തട്ടുമ്പോൾ ബാക്ടീരിയ ഉള്ളിൽ കടക്കാൻ ഇടയാകുകയും, മരുന്നിലെ പ്രിസർവേറ്റീവുകളുടെ ശേഷി കുറയുകയും ചെയ്യുന്നു.
ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുക മാത്രമല്ല, കൺജങ്ക്റ്റിവിറ്റിസ്, കെരാറ്റിറ്റിസ് തുടങ്ങിയ ഗുരുതരമായ കണ്ണ് അണുബാധകൾക്ക് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് ഗ്ലോക്കോമ രോഗികൾക്ക് ഇത് വലിയ അപകടമുണ്ടാക്കാം, കാരണം വീര്യം കുറഞ്ഞ മരുന്ന് ഉപയോഗിക്കുമ്പോൾ കണ്ണിനുള്ളിലെ പ്രഷർ നിയന്ത്രണവിധേയമാണോ എന്ന് അറിയാൻ സാധിക്കാതെ വരുന്നു.
പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന എക്സ്പയറി ഡേറ്റ് എന്നത് മരുന്ന് തുറക്കാതിരിക്കുമ്പോൾ അതിൻ്റെ ഗുണനിലവാരം നിലനിൽക്കുന്ന കാലയളവാണ്. എന്നാൽ ബോട്ടിൽ ഒരിക്കൽ തുറന്നു കഴിഞ്ഞാൽ, പാക്കറ്റിലെ തീയതി ഏതായാലും ഒരു മാസം എന്ന നിയമമാണ് ബാധകമാകുന്നത്. അതിനാൽ ഐ ഡ്രോപ്പ് ബോട്ടിൽ തുറക്കുന്ന ദിവസം തന്നെ അതിന് മുകളിൽ സ്ഥിരമായി മായാത്ത മഷി ഉപയോഗിച്ച് തീയതി എഴുതിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കൃത്യം ഒരു മാസത്തിന് ശേഷം ഈ മരുന്ന് ഉപയോജിക്കുന്നത് പൂർണ്ണമായും നിർത്തണം. കൂടാതെ, ബോട്ടിലിന്റെ അറ്റം കണ്ണിലോ ചർമ്മത്തിലോ തൊടാതെ സൂക്ഷിക്കുകയും വേണം. കാഴ്ചശക്തിയുടെ ആരോഗ്യത്തിന് ഐ ഡ്രോപ്പുകളുടെ ഇത്തരം സുരക്ഷിതമായ ഉപയോഗം അത്യാവശ്യമാണ്.




