മധ്യപ്രദേശിൽ നിന്നുള്ള ബിട്ടു തബാഹി എന്ന ഇരുപതുകാരൻ മലിനമായ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച വാര്‍ത്ത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വന്തം പണം ഉപയോഗിച്ച് ശുചീകരണ സാമഗ്രികൾ വാങ്ങി, രണ്ടു മാസത്തെ കഠിനാധ്വാനം കൊണ്ടാണ് പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ നദിയെ ബിട്ടു പൂർണ്ണമായും വൃത്തിയാക്കിയെടുത്തത്. നദിയുടെ മാറ്റം വ്യക്തമാക്കുന്ന വീഡിയോകൾ വൈറലായതോടെ, ബിട്ടുവിൻ്റെ ശ്രമങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
എന്നാൽ, ഇതിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കും ഇത് വഴിവെച്ചു. ചെയ്യേണ്ട ജോലികൾ ഒരു വ്യക്തി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് നഗരസഭയ്ക്ക് നാണക്കേടാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു. പൊതുസ്ഥലങ്ങളും നദികളും മലിനമാക്കുന്നതിൽ സാധാരണക്കാരായ ജനങ്ങൾക്കുള്ള പങ്കും ഇതിൽ ചർച്ചയാകുന്നുണ്ട്.
ശുചീകരണത്തിനിടെ മലിനജലവുമായുള്ള സമ്പർക്കം മൂലം ബിട്ടുവിന് കടുത്ത ത്വക്ക് രോഗങ്ങളും കൈകാലുകളിൽ ഇന്‍ഫെക്ഷനും ബാധിച്ചിരുന്നു. പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടും നദി വൃത്തിയാക്കുന്നതിൽ നിന്നും ബിട്ടു പിന്മാറിയില്ല. പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര അടക്കമുള്ളവർ ബിട്ടുവിൻ്റെ അധ്വാനത്തെ മുൻപ് പ്രശംസിച്ചിരുന്നു. ഒരു സാധാരണക്കാരൻ്റെ ശ്രമത്തെ രാജ്യത്തിൻ്റെ ഔദ്യോഗിക ശുചീകരണ ദൗത്യങ്ങളിലേക്ക് പ്രയോജനപ്പെടുത്തണമെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന പ്രധാന ആവശ്യം.




