Oddly News

നിങ്ങള്‍ക്കും പിന്തുടരാം! വീട്ടുജോലികളും കുടുംബകാര്യങ്ങളും നോക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം ‘ശമ്പളം’; തരംഗമായി ഭർത്താവിന്റെ ആശയം

ഇന്ത്യൻ കുടുംബങ്ങളിൽ പലപ്പോഴും വീട്ടുജോലികളും കുടുംബകാര്യങ്ങളും പ്രതിഫലമില്ലാത്ത കടമകളായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാൽ വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രതിമാസം നിശ്ചിത തുക നൽകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഒരു റെഡ്ഡിറ്റ് (Reddit) ഉപയോക്താവാണ് തന്റെ ജ്യേഷ്ഠന്റെയും ഭാര്യയുടെയും ഈ വേറിട്ട സാമ്പത്തിക രീതിയെക്കുറിച്ച് പങ്കുവെച്ചത്.

ഭക്ഷണമുണ്ടാക്കലും ശുചീകരണവുമടക്കം വീടുകളിലെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത് ഭാര്യയാണ്. എന്നാൽ ഇത് സൗജന്യമായി ചെയ്യേണ്ട ഭാര്യയുടെ മാത്രം കടമയല്ലെന്നാണ് ഭർത്താവിന്റെ നിലപാട്. പുറത്തുനിന്ന് ഒരാളെ ഈ ജോലികൾക്കായി നിർത്തിയാൽ വിപണി നിരക്കിൽ ശമ്പളം നൽകേണ്ടി വരുമെന്നും, അതിനാൽ ഭാര്യ ചെയ്യുമ്പോൾ ഈ അധ്വാനത്തിന്റെ മൂല്യം പൂജ്യമായി മാറുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. വീട്ടുചെലവുകൾക്കുള്ള തുക ഭർത്താവ് വേറെതന്നെ നൽകും. ഈ തുക ഭാര്യയ്ക്ക് സ്വന്തം ആവശ്യങ്ങൾക്കോ സാമ്പത്തിക ഭദ്രതയ്ക്കോ മാതാപിതാക്കളെ സഹായിക്കാനോ അനുവാദം ചോദിക്കാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാം.

സാധാരണയായി ജോയിന്റ് അക്കൗണ്ടുകൾ വഴിയോ അല്ലെങ്കിൽ ആവശ്യപ്പെടുമ്പോൾ പണം നൽകുന്ന രീതിയിലോ ആണ് ഇന്ത്യൻ കുടുംബങ്ങളിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്. എന്നാൽ ഈ രീതി വീട്ടുജോലികളുടെ മൂല്യം അംഗീകരിക്കുന്നതാണെന്നും സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകുന്നുണ്ടെന്നും പറഞ്ഞ് നിരവധിയാളുകൾ ഈ തീരുമാനത്തെ പിന്തുണച്ചു. അതേസമയം, ദാമ്പത്യബന്ധത്തെ ഒരു ജോലി പോലെ കച്ചവടക്കണ്ണോടെ കാണുന്ന ഒന്നാണോ ഇതെന്ന രീതിയിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.