Featured Good News

കിണറ്റിൽ വീണ ആനക്കുട്ടിക്ക് രക്ഷകരായി വനപാലകരും നാട്ടുകാരും; ഒരു ഗ്രാമത്തിന്റെ നന്മക്കഥ! വീഡിയോ

ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു തുറന്ന കിണറ്റിൽ വീണ പരിക്കേറ്റ ആനക്കുട്ടിയെ വനംവകുപ്പും ഗ്രാമവാസികളും ചേർന്ന് രക്ഷപ്പെടുത്തി. സെപ്റ്റംബർ 1-നാണ് ധെൻകനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബഹന്ദേയ് ഗ്രാമത്തിന് സമീപം 3-4 വയസ്സ് പ്രായം തോന്നിക്കുന്ന ആനക്കുട്ടി കിണറ്റിൽ അകപ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രക്തസ്രാവവും പരിക്കുകളുമായി വളരെ ക്ഷീണിതനായ നിലയിലായിരുന്നു ആനക്കുട്ടി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ധെൻകനാൽ ഫയർ സർവീസ് സംഘത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂട്ടായ പ്രയത്നത്തിനൊടുവിൽ ആനക്കുട്ടിയെ കിണറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റ ആനക്കുട്ടിക്ക് വെറ്ററിനറി സംഘം സംഭവസ്ഥലത്തു വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ആനക്കുട്ടിയെ എലിഫന്റ് റെസ്ക്യൂ സെന്ററിലേക്ക് മാറ്റി.

സമയബന്ധിതമായി ഇടപടരുകയും കൃത്യമായ രക്ഷാപ്രവർത്തനം പൂർത്തിയാക്കുകയും ചെയ്ത വനംവകുപ്പ് ജീവനക്കാരെയും ഫയർഫോഴ്സിനെയും ഗ്രാമവാസികളെയും ധെൻകനാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. വന്യജീവി സംരക്ഷണത്തിനായി ഇവർ നടത്തിയ മികച്ച പ്രവർത്തനത്തെ പ്രകീർത്തിച്ചുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയും, ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഉപയോഗശൂന്യമായ കിണറുകൾ മൂടണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തുകയും ചെയ്തു.