മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾ വ്യാഴാഴ്ച മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ (BCCI) ഉന്നതതല അവലോകന യോഗത്തിൽ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. 39 കാരനായ രോഹിത് അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ബിസിസിഐയും സെലക്ടർമാരും തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർ പങ്കെടുക്കുന്ന വ്യാഴാഴ്ചത്തെ യോഗത്തിൽ രോഹിതിന്റെ ഭാവിയെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് (CoE) തലവൻ വി.വി.എസ് ലക്ഷ്മൺ, ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ട്വന്റി-20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗത്തിൽ പങ്കെടുത്തേക്കും.
ജൂലൈയിൽ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ, 2027 ലോകകപ്പിലേക്ക് രോഹിതിനെ പരിഗണിക്കാൻ സെലക്ടർമാർക്ക് താല്പര്യമില്ലെന്നും ലോർഡ്സിൽ നടന്ന ഏകദിനമായിരിക്കും അദ്ദേഹത്തിന്റെ അവസാന മത്സരമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ബിസിസിഐ ഇത് ഉടനടി നിഷേധിക്കുകയും ബോർഡും സെലക്ടർമാരും തമ്മിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശദമായ അവലോകന യോഗം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി മുൻപ് അറിയിച്ചിരുന്നു.
ഇംഗ്ലണ്ടിലും അയർലൻഡിലും ഏറ്റ ട്വന്റി-20 പരമ്പര തോൽവികളും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തോൽവിയും ചർച്ച ചെയ്യാനാണ് യോഗം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പരിക്കുമായി ബന്ധപ്പെട്ട ആശങ്കകളും വ്യാഴാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കും.




