Crime

പോൺ സൈറ്റുകളും ഡാർക്ക് വെബും വഴി ഭീകര റിക്രൂട്ട്‌മെന്റ്: കശ്മീരിൽ ഭീകരസംഘടനകളുടെ ‘ഡിജിറ്റൽ അടവ്’

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇത്തരം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരസംഘടനകളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിരോധനമുള്ള അശ്ലീല വെബ്സൈറ്റുകളും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഭീകരർ ഇതിനായി ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിൽ പുതിയ ആളുകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും റിക്രൂട്ട് ചെയ്യാനും ഭീകരരും പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയും ഈ രഹസ്യ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ) വഴിയാണ് യുവാക്കൾ ഇത്തരം വെബ്സൈറ്റുകൾ ആക്സസ് ചെയ്യുന്നത്. സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ പോൺ വെബ്‌സൈറ്റുകളിലെ കമന്റ് സെക്ഷനുകളും ഫോറങ്ങളും വഴിയാണ് കശ്മീരിലെ യുവാക്കളുമായി ആദ്യഘട്ട ആശയവിനിമയം നടത്തുന്നത്. തുടർന്ന് ‘ടോർ’ ബ്രൗസർ (Tor Browser), എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ, ഡാർക്ക് വെബ് എന്നിവ ഉപയോഗിച്ച് നിർദേശങ്ങൾ കൈമാറുന്നു. തൊഴിലില്ലാത്തവരെയും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെയുമാണ് ഇവർ ലക്ഷ്യമിടുന്നത്. സാമ്പത്തിക സഹായവും മറ്റ് വാഗ്ദാനങ്ങളും നൽകി ഇവരെ ഏജന്റുകളാക്കി മാറ്റി ആക്രമണങ്ങൾ നടത്താൻ ഭീകരർക്ക് സാധിക്കുന്നു. ‘ടോർ’ അധിഷ്ഠിത മെസേജിംഗ് ആപ്പുകളായ കോടെക്സ് (Coatex), കോണിയൻ (Conion) എന്നിവയാണ് ഹാൻഡ്‌ലർമാർ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇതിനുപുറമേ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന മറ്റ് ആപ്പുകളും ഭീകരർ ഉപയോഗിക്കുന്നുണ്ട്. ഫോൺ നമ്പറോ സിം കാർഡോ ഇല്ലാതെ പ്രവർത്തിക്കുന്ന ഫ്രാൻസ് അധിഷ്ഠിത ആപ്പ് ഇതിനൊരു ഉദാഹരണമാണ്. വ്യക്തിഗത വിവരങ്ങളോ ഫോൺ നമ്പറോ ആവശ്യമില്ലാത്ത എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആപ്പ് ആയതിനാൽ ഉപയോഗിക്കുന്ന ആളുകളെ തിരിച്ചറിയുന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ്.

വിയറ്റ്നാം കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ആപ്പുകളും ‘മൂൺചാറ്റ്’ പോലുള്ള അജ്ഞാത പ്ലാറ്റ്ഫോമുകളും സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. റജിസ്ട്രേഷൻ നടപടികൾ ഒഴിവാക്കുന്നതും ചൈനീസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതുമായ പി.ജി.പി (PGP) എൻക്രിപ്റ്റഡ് പതിപ്പുകളും മൂൺചാറ്റിനുണ്ട്. സമീപപ്രദേശങ്ങളിലുള്ള അവിവാഹിതരായ ആളുകളെ കണ്ടെത്താനെന്ന വ്യാജേനയുള്ള മൂൺചാറ്റിന്റെ വിവിധ പതിപ്പുകൾ ഭീകരർ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.