മുംബൈ: ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ഇന്ത്യൻ യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബിയർ പാർലർ ഉടമയ്ക്ക് വിറ്റതായി പരാതി. പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെ നാഗ്പൂർ സ്വദേശിനിയായ 28 കാരിയാണ് പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ കാഷ്യർ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും പരാതിയിൽ പറയുന്നു. വിസയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പല തവണയായി 11 ലക്ഷം രൂപ ഇവർ വാങ്ങിയെടുത്തു. എന്നാൽ പോർച്ചുഗലിലെത്തിയ യുവതിയുടെ പാസ്പോർട്ടും മറ്റ് യാത്രാരേഖകളും ഏജന്റുമാർ തട്ടിയെടുക്കുകയാണുണ്ടായത്.
രണ്ടു ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച ശേഷം ഒരു ബിയർ ഷോപ്പ് ഉടമയ്ക്ക് വിൽക്കുകയായിരുന്നു. അവിടെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയും ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഇരയാക്കുകയും ചെയ്തു. പീഡനം സഹിക്കാനാവാതെ പാസ്പോർട്ട് തിരികെ ചോദിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട യുവതി റോഡ് മാർഗം ലിസ്ബണിലും പിന്നീട് മഡ്രിഡിലുമെത്തി ദോഹ വഴിയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷവും മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് സ്ഥാപനം മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. യുവതി ഇത് നിരസിച്ചതോടെ ഭർത്താവിനെ വധിക്കുമെന്നും വ്യാജ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
സംഭവത്തിൽ വീ മൈഗ്രേറ്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പെടെ എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യക്കടത്ത്, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




