പട്ന: മദ്യപിച്ചെത്തിയ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ സ്കൂളിൽ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു.
ബിഹാറിലെ മൈഹാർ ജില്ലയിലുള്ള അമുറ പ്രൈമറി സ്കൂളിലാണ് അധ്യാപകസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്കൂളിലെത്തിയ ഇയാൾ അവിടെത്തന്നെ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. അധ്യാപകൻ ദിവസവും ഉച്ചയോടെ മാത്രമാണ് സ്കൂളിലെത്തുന്നതെന്നും ആ സമയമത്രയും കുട്ടികൾ പുറത്ത് അലഞ്ഞു തിരിയുകയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. കൃത്യസമയത്ത് ഉച്ചഭക്ഷണം നൽകുന്നില്ലെന്നും ശരിയായ പഠനം ലഭിക്കുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
പതിവായി ക്ലാസുകൾ നടക്കുന്നില്ലെന്നും ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുന്നുവെന്നുമാണ് പരാതി. കൂടാതെ ഇയാൾ സ്കൂൾ പരിസരത്തെയെല്ലാം ഗുട്ക ചവച്ചുതുപ്പി വൃത്തികേടാക്കുന്നുവെന്നും ചുമരുകളിൽ ഇതിന്റെ കറ കാണാമെന്നും ആരോപണങ്ങളുണ്ട്.
സ്കൂളിൽ ടാബ്ലെറ്റിൽ യൂട്യൂബ് വീഡിയോകൾ കാണുന്ന നിലയിലാണ് മാധ്യമപ്രവർത്തകർ പ്രധാനാധ്യാപകനെ കണ്ടെത്തിയത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഇയാൾ നിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ രാജേഷ് ദ്വിവേദി വിഷയത്തിൽ ഇടപെട്ടു. കുറ്റക്കാരനായ അധ്യാപകന് ക്ലസ്റ്റർ പ്രിൻസിപ്പൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇയാളെ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ശുപാർശ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.




