ന്യൂഡൽഹി∙ ബോളിവുഡ് താരം മൃണാൾ ഠാക്കൂറും ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളും ഡേറ്റിങ്ങിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ വ്യാജപ്രചാരണം നടത്തിയ വ്യക്തിക്ക് രൂക്ഷമായ മറുപടിയുമായി നടി രംഗത്തെത്തി. തനേക്കാൾ ഒൻപതു വയസ്സ് ഇളപ്പമുള്ള ജയ്സ്വാളുമായി പ്രണയത്തിലാണെന്ന വാദങ്ങൾ വ്യാജമാണെന്ന് വിഡിയോയ്ക്ക് താഴെ കമന്റിലൂടെയാണ് മൃണാൾ വ്യക്തമാക്കിയത്.
‘‘സഹോദരാ, ഒന്ന് അടങ്ങ്, ഞങ്ങൾ ഒരുമിച്ച് എവിടെപ്പോയെന്നാണ്? ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഗോസിപ്പുകളെ വിശ്വസിക്കുകയാണോ? നമ്മുടെ രാജ്യത്ത് ഒരുപാടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ജെൻസീകളിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാൻ ശ്രമിക്കുക. ശരിയായ പ്രശ്നങ്ങളെക്കുറിച്ച് വിഡിയോകൾ ഉണ്ടാക്കുക . അത് നിങ്ങൾക്കു കൂടുതൽ വ്യൂസ് നേടിത്തരും.’’ നടി കൂട്ടിച്ചേർത്തു. നിരവധി പേരാണ് നടിയുടെ ഈ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
ഇരുവരും ഒരേ റസ്റ്ററന്റിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രണയവാർത്ത പ്രചരിപ്പിച്ചത്. 25 വയസ്സുള്ള ജയ്സ്വാളും 34 വയസ്സുള്ള മൃണാളും ഒരു റസ്റ്ററന്റിൽ പോയി എന്നതുകൊണ്ടു മാത്രം ഇരുവരും പ്രണയത്തിലാണെന്ന് പറയാൻ കഴിയില്ലെന്ന വാദങ്ങളും ശക്തമാണ്.
അതേസമയം, ടെസ്റ്റ് പരമ്പരയ്ക്കായി നിലവിൽ ശ്രീലങ്കയിലാണ് യശസ്വി ജയ്സ്വാളുള്ളത്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ താരം പുറത്തായിരുന്നു.




