Crime

ലഹരി നൽകി വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; സ്വയം ‘റോളക്സായി’ ചമഞ്ഞ സാഗേഷ് കുമ്പാളി പിടിയിൽ

കോഴിക്കോട്∙ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ സാഗേഷ് കുമ്പാളിയെ (31) എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വയനാട് ബത്തേരിയിലെ വനമേഖലയ്ക്കടുത്തുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളും കാപ്പ ചുമത്തപ്പെട്ടയാളുമാണ് സാഗേഷ്. അറസ്റ്റിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയ വഴി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലോഡ്ജുകളിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകര്ത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിസോർട്ട് വളഞ്ഞ് ഇയാളെ സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാനും ആക്രമിക്കാനും ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് അന്വേഷണ സംഘം കീഴ്പ്പെടുത്തിയത്.

പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് മുൻപ് കഞ്ചാവ് കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കിയ ശേഷം ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചതായും മറ്റുള്ളവർക്ക് കൈമാറിയതായും വിവരമുണ്ട്.

തമിഴ് സിനിമയിലെ ‘റോളക്സ്’ കഥാപാത്രത്തിന്റെ മാതൃകയിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. ക്വട്ടേഷൻ സംഘങ്ങളെയും കായിക മേഖലയിലുള്ള യുവാക്കളെയും ലഹരി നൽകി ഇയാൾ സ്വാധീനിച്ചിരുന്നു.

മേയ് മാസം ക്രൂരപീഡനത്തിനിരയായ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കുണ്ടുപറമ്പിലെ ഇയാളുടെ വീട്ടുപറമ്പിൽ നിന്ന് ഒളിപ്പിച്ച നിലയിൽ പിസ്‌റ്റളും വടിവാളുകളും കണ്ടെടുത്തു. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നിരന്തരം സിം കാർഡുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാറ്റിയ ഇയാൾ കാറിൽ സഞ്ചരിച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഇയാളുടെ പങ്കാളികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സാഗേഷ് കോഴിക്കോട് വിട്ട് കടന്നുകളഞ്ഞത്.

കോഴിക്കോട് ടൗൺ എസിപി ടി.പി.അഷ്റഫിന്റെ നിർദേശപ്രകാരം ‘ഓപ്പറേഷൻ റോളക്സ്’ എന്ന പേരിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഡിജിറ്റൽ പരിശോധനയിലാണ് പ്രതി വയനാട്ടിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പുലർച്ചെ വനമേഖലയിലെ റിസോർട്ട് വളഞ്ഞ് പൊലീസ് ഇയാളെ കീഴടക്കുകയായിരുന്നു.