കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സംഘടിപ്പിച്ച കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുർആൻ പഠിപ്പിക്കുന്നതും ബുദ്ധിപരമായി ചിന്തിച്ചാലും ഇതാണ് ശരിയെന്നും കാന്തപുരം പറഞ്ഞു. ഈ കാര്യങ്ങൾ പറയാൻ തങ്ങൾക്കുള്ള അധികാരം മതത്തെക്കുറിച്ച് പഠിച്ചവരാണ് എന്നതാണെന്നും, അതിനാൽ സമുദായത്തോട് ഇത് പറയൽ തങ്ങളുടെ നിർബന്ധ ബാധ്യതയാണെന്നും മറ്റു സംഘടനകളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
നബിദിനാഘോഷ റാലികളിൽ പെൺകുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചതിന് പിന്നാലെയാണ് അന്യപുരുഷന്മാർക്കൊപ്പം സ്ത്രീകൾ പൊതുനിരത്തിലും പൊതുവേദിയിലും പ്രത്യക്ഷപ്പെടരുതെന്ന് കാന്തപുരം വിഭാഗം സർക്കുലർ ഇറക്കിയത്. ഇതിനെതിരെ വലിയ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഇത്തരം വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും തങ്ങളുടെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് കാന്തപുരം വ്യക്തമാക്കുന്നത്.




