ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ചിരാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന യുവതിയെയും യുവാവിനെയും വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെയാണ് നാട്ടുകാർ ചേർന്ന് വിവാഹം കഴിച്ചത്. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് കൈയോടെ പിടികൂടിയത്.
2026 ജൂൺ 24-നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ രാജേഷിന് സംശയം തോന്നിത്തുടങ്ങിയിരുന്നു. തനിക്ക് രാത്രിയിൽ ഉറക്കഗുളിക നൽകി ഉറക്കിയ ശേഷം ഭാര്യ സ്ഥിരമായി കാമുകനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് രാജേഷ് ആരോപിക്കുന്നു. ഓഗസ്റ്റ് 19-ന് വീട്ടിൽ നിന്ന് ചില സ്വർണാഭരണങ്ങൾ കാണാതായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ തൃപ്തികരമായ മറുപടി നൽകിയിരുന്നില്ലെങ്കിലും, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങൾ കാമുകന് നൽകിയതാണെന്ന് വ്യക്തമായത്.
ഓഗസ്റ്റ് 23-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജേഷ് വീട്ടിൽ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി മേൽക്കൂര വഴി അകത്തുകയറി നോക്കിയപ്പോഴാണ് ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് വിവരമറിയിച്ചതിനെ തുടർന്ന് അയൽക്കാരും നാട്ടുകാരും അവിടെ തടിച്ചുകൂടുകയും ഇരുവരുടെയും വിവാഹം നടത്തുകയുമായിരുന്നു. കാമുകൻ യുവതിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിന്റെയും മാല അണിയിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഭാര്യയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് നിലവിൽ അന്വേഷണം നടത്തിവരികയാണ്.




