മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ഫിസിയോതെറാപ്പി കോളേജിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയെ എഴുന്നേൽപ്പിച്ച് നിർത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് അധ്യാപകനായ ഡോക്ടർക്ക് നേരെയുള്ള കയ്യേറ്റത്തിൽ.
പർളിയിലെ വൈദ്യനാഥ് ഫിസിയോതെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകനായ ഡോ. സഹീർ അഹമ്മദ് മുഹമ്മദ് ഇസ്മായിലിനെയാണ് വിദ്യാർത്ഥിനിയുടെ പിതാവും കൂടെയുണ്ടായിരുന്നയാളും ചേർന്ന് ആക്രമിച്ചത്. തന്റെ മകളെ മനപ്പൂർവ്വം ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തി അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു തർക്കം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡോക്ടറും പിതാവും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഡോക്ടറെ മർദ്ദിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനി തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ ഇതുവരെ പൊലീസ് കേസോ അറസ്റ്റോ രേഖപ്പെടുത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല. മഹാരാഷ്ട്രയിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഒന്നാണിതെന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.




