Spotlight

ഓണസദ്യയുണ്ട് ബൈക്കില്‍ ചീറിപ്പായുന്ന സുകുമാരക്കുറുപ്പ്, ചെയ്സ് ചെയ്ത് കേരള പൊലീസ്; ഇന്‍സ്റ്റയില്‍ ട്രോളുകളുടെ പൂരം

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ട്രോൾ പേജുകൾ സജീവമായി. ലോകകപ്പ് മത്സരം കാണാനെത്തിയതും ഓണം ആഘോഷിക്കുന്നതുമടക്കം സുകുമാര കുറുപ്പിന്റെ നിരവധി എ.ഐ ചിത്രങ്ങളാണ് ട്രോളന്മാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ‘സുകുമാരകുറുപ്പ് ഫ്രം ബ്രൂണെ’ എന്ന പേരിൽ നിരവധി അക്കൗണ്ടുകളും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനായ കുറുപ്പ്, വാർത്തകൾക്ക് പിന്നാലെ ബ്രൂണെയിൽ നിന്ന് നാടുവിടാൻ ഒരുങ്ങുന്ന കുറുപ്പ് എന്നിങ്ങനെ വൈവിധ്യമാർന്ന കണ്ടന്റുകളാണ് ഇത്തരം അക്കൗണ്ടുകളിൽ നിറയുന്നത്. ഇതിലൊരു ട്രോൾ പേജിന് 2500-ലധികം ഫോളോവേഴ്സുമുണ്ട്. സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന പുതിയ അഭ്യൂഹങ്ങളാണ് ട്രോളന്മാർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ഇയാൾ ഒളിവിൽ കഴിയുന്നുവെന്ന അവകാശവാദവുമായി മുൻ അന്വേഷണ സംഘാംഗം അലി അക്ബർ രംഗത്തുവന്നിരുന്നു. 2023-ൽ എടുത്തതാണെന്ന് അവകാശപ്പെടുന്ന കുറുപ്പിന്റെ ചിത്രവും അലി അക്ബർ പുറത്തുവിട്ടിട്ടുണ്ട്. കാറിൽ വന്നിറങ്ങുന്നതും ഹോട്ടലിൽ പോകുന്നതുമടക്കമുള്ള വിശ്വസനീയ വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ക്രിസ്ത്യൻ, ഹിന്ദു പേരുകൾ സമന്വയിപ്പിച്ച് ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ എന്ന വ്യാജ വിലാസത്തിലാണ് ഇയാൾ ബ്രൂണെയിൽ കഴിയുന്നതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.