Crime

അപൂർവ്വ ഡോൾഫിനെ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോയി; വീഡിയോ വൈറലായതോടെ മത്സ്യത്തൊഴിലാളി അറസ്റ്റിൽ- വീഡിയോ

ബീഹാറിലെ സഹർസയിലുള്ള ദർഹാർ പ്രദേശത്ത് കോസി നദിയിൽ നിന്ന് ഗംഗാ ഡോൾഫിനെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർ8ണ് അറസ്റ്റ്.

ബീരേന്ദ്ര മുഖിയ എന്നയാളാണ് അറസ്റ്റിലായത്. കോസി നദിയിൽ മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയ ഗംഗാ ഡോൾഫിനെ തിരികെ വെള്ളത്തിലേക്ക് തുറന്നുവിടുന്നതിന് പകരം ഇയാൾ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡോൾഫിനെ ബോട്ടിനുള്ളിലാക്കി അതിന്റെ എണ്ണയെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണവും കോസി നദിയിലെ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ദേശീയ ജലജീവിയായ ഗംഗാ ഡോൾഫിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കടുവകൾക്കും സിംഹങ്ങൾക്കും നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷയാണ് നൽകിയിട്ടുള്ളത്. ഇവയെ വേട്ടയാടുന്നത് ജാമ്യമില്ലാത്ത ഗുരുതരമായ കുറ്റമാണ്. ശ്വാസമെടുക്കുമ്പോഴുണ്ടാകുന്ന ശബ്ദം കാരണം ബീഹാറിലും മറ്റ് ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ഇവ ‘സുസു’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഗംഗാ ഡോൾഫിനുകൾ കൂടുതൽ കാണപ്പെടുന്ന ബീഹാറിൽ ഇവയുടെ സംരക്ഷണത്തിനായി ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.