സോഹ്ന റോഡിലെ സുഭാഷ് ചൗക്കിന് സമീപമുള്ള വിജനമായ ഒരു കെട്ടിടത്തിന്റെ 12-ാം നിലയിലെ മേൽക്കൂരയിൽ അകപ്പെട്ട തെരുവുനായയെ ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് ഈ അപൂർവ്വ സംഭവം ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയും ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നായ എങ്ങനെ എത്തിപ്പറ്റി എന്ന കാര്യം നാട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി.
നായയെ മുകളിൽ കണ്ട വ്യക്തി ഉടൻ തന്നെ 112 എന്ന അടിയന്തര നമ്പറിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് 30 മിനിറ്റിനുള്ളിൽ ഹരിയാന ഫയർ സർവീസും പി.സി.ആർ വാഹനവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. തുടർന്ന് ഏറെ പ്രയാസപ്പെട്ട് നായയെ താഴെയെത്തിച്ചതോടെ ആശങ്ക നിറഞ്ഞ നിമിഷങ്ങൾക്ക് സന്തോഷകരമായ അവസാനമായി.
നിലത്തിറങ്ങിയതോടെ ഭയമെല്ലാം മാറിയ നായ സന്തോഷത്തോടെ വാലാട്ടാൻ തുടങ്ങിയത് കണ്ടുനിന്നവർക്ക് കൗതുകമായി. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സമയോചിതമായി ഇടപെട്ട് നായയുടെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകർക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
അതേസമയം, നായ 12-ാം നിലയിൽ എങ്ങനെ എത്തിയെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ആരെങ്കിലും നായയെ അവിടെക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നറിയാൻ കെട്ടിടത്തിന് ചുറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഭയന്നുപോയ സാഹചര്യത്തിലും നിലത്തിറങ്ങിയപ്പോൾ നായ കാട്ടിയ സന്തോഷവും ആളുകളുടെ മനം കവർന്നു. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടും യാതൊരു പേടിയുമില്ലാതെ വാലാട്ടുന്ന നായയുടെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ തരംഗമാവുകയാണ്.




