കാബൂൾ∙ ശരീരത്തിലേക്ക് പാറക്കല്ലുകൾ വന്ന് പതിക്കുമ്പോഴുണ്ടാകുന്ന സങ്കടവും വേദനയും കാരണം ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു ആ 19 വയസ്സുകാരി. കാലുകൾ പർവതനിരയിൽ കുഴിച്ച കുഴിയിലായതിനാൽ ഓടി രക്ഷപ്പെടാൻ പോലും കഴിയാത്ത യുവതിയോട് പ്രാകൃതമായ ശിക്ഷാരീതി നടപ്പാക്കാൻ വന്നവർ തെല്ലും കരുണ കാണിച്ചില്ല. കൺമുൻപിൽ കല്ലേറുകൊണ്ട് യുവതി തളർന്നുവീണിട്ടും അവർ ആക്രമണം തുടർന്നു. ഒടുവിൽ പ്രാണൻ വെടിഞ്ഞ ആ യുവതി ഏറ്റുവാങ്ങിയ ക്രൂരതയുടെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരികയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ നടന്ന താലിബാൻ പ്രാകൃതത്വത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണിത്. പരപുരുഷ ബന്ധം ആരോപിച്ച് ഒരു സ്ത്രീയെ ഏതാനും പുരുഷന്മാർ ചേർന്ന് കല്ലെറിഞ്ഞു കൊന്ന, 2015ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പർവതനിരയിൽ കുഴിച്ച കുഴിയിൽ 19 വയസ്സുകാരിയായ റുക്ഷാനയെ നിർത്തിയ ശേഷമാണ് ഈ ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. ഈ വീഡിയോ മുൻപ് പുറത്തുവന്നതാണെങ്കിലും ഇപ്പോൾ താലിബാൻ ക്രൂരതയുടെ സാക്ഷ്യമായി രാജ്യാന്തര തലത്തിൽ ഇത് വീണ്ടും വലിയ ശ്രദ്ധ നേടുകയാണ്.
നിലത്തുനിന്ന് പാറകൾ പെറുക്കിയെടുക്കുന്ന പുരുഷന്മാർ അത് പരിഭ്രാന്തയായ റുക്ഷാനയ്ക്ക് നേർക്ക് എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. കല്ലേറുകൊണ്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് യുവതി കുഴഞ്ഞു വീഴുന്നതും അജ്ഞാതനായ ഒരാൾ ചിത്രീകരിച്ച ഈ വീഡിയോയിലുണ്ട്.
മുൻപും സമാനമായ ക്രൂര ശിക്ഷകൾ നടപ്പാക്കുന്നതിന്റെ പേരിൽ താലിബാനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഘോർ പ്രവിശ്യയിലെ അന്നത്തെ ഗവർണർ സീമ ജോയെൻഡ റുക്ഷാനയുടെ കൊലപാതകത്തെ മനുഷ്യത്വരഹിതമെന്നാണ് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാൻ സർക്കാർ ഇത് അനുവദിക്കുന്നത് കടുത്ത ക്രൂരതയാണെന്ന് അഫ്ഗാൻ വനിതാ ആക്ടിവിസ്റ്റായ മറിയം മുഹമ്മദിയും അഭിപ്രായപ്പെട്ടു.
13–ാം വയസ്സിലാണ് റുക്ഷാനയുടെ മാതാപിതാക്കൾ ഒരു വൃദ്ധന് മകളെ വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ വിവാഹത്തിന് റുക്ഷാന തയ്യാറായില്ല. വർഷങ്ങൾക്ക് ശേഷം റുക്ഷാന കുട്ടിക്കാലം മുതൽ പ്രണയിച്ചിരുന്ന മുഹമ്മദ് ഗുലിനൊപ്പം ഒളിച്ചോടി. ഘോർ പ്രവിശ്യയിലെ സാഗർ ജില്ലയിലേക്കാണ് ഇരുവരും പോയത്. എന്നാൽ സുരക്ഷാ സേന റുക്ഷാനയെ പിടികൂടി പിതാവിന് കൈമാറുകയും, തുടർന്ന് നിർബന്ധപൂർവം ആ വൃദ്ധന് വിവാഹം ചെയ്തു നൽകുകയും ചെയ്തു. പിന്നീട് റുക്ഷാന വീണ്ടും ഗുലിനൊപ്പം ഒളിച്ചോടുകയായിരുന്നു.
യാത്രാമധ്യേ ഇരുവരെയും ഒരു പ്രാദേശിക താലിബാൻ കമാൻഡർ തടഞ്ഞുനിർത്തി. വിവാഹത്തിനുമുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് റുക്ഷാനയെ താലിബാൻ കസ്റ്റഡിയിലെടുത്തു. മോചനത്തിനായി 57,000 പൗണ്ടിന് തുല്യമായ തുകയാണ് താലിബാൻ പിതാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ കുടുംബത്തിന് ഈ മോചനദ്രവ്യം നൽകാൻ സാധിക്കാതെ വന്നതോടെ, ഒരു താലിബാൻ പുരോഹിതൻ റുക്ഷാനയെ കല്ലെറിഞ്ഞു കൊല്ലാൻ ഉത്തരവിടുകയും ശിക്ഷ നടപ്പാക്കുകയുമായിരുന്നു.




