Spotlight

‘വണ്ടി തടയാന്‍ മുന്നിലാരെങ്കിലും വേണ്ടേ?’; പിന്നില്‍നിന്നും വണ്ടി തടയാന്‍ ശ്രമം; എയറിലായി ബിജെപി ജില്ലാ പ്രസിഡന്‍റ്

വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനെതിരായ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടയാൻ ശ്രമം നടന്നു. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വനിയുടെ നേതൃത്വത്തിലായിരുന്നു കുമ്പള പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം അരങ്ങേറിയത്.

ഇതിനിടയിൽ അശ്വനി പൊലീസ് ജീപ്പിന്റെ പിന്നിൽ പിടിമുറുക്കി തടയാൻ ശ്രമിച്ചു. വാഹനം കടന്നുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അശ്വനി ജീപ്പിനു പിന്നിൽ മുറുകെ പിടിച്ചെങ്കിലും പൊലീസ് വാഹനം മുന്നോട്ട് ഓടിച്ചുപോയി. വാഹനം പോയതിനു ശേഷം, മുന്നിൽ കുറച്ചു ആളുകൾ വേണ്ടേ എന്ന് അശ്വനി അണികളോട് ചോദിക്കുന്നതും തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടരുന്നതും കാണാമായിരുന്നു. ബിജെപി പ്രസിഡന്റിന്റെയും അണികളുടെയും ഈ പ്രതിഷേധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ രീതിയിലുള്ള ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തു.

ചോദ്യപേപ്പർ വിവാദത്തിൽ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നത്. ഗുരുപ്രസാദിനെതിരായ നടപടി പിൻവലിക്കണമെന്നും മന്ത്രിക്കെതിരെ പ്രതിഷേധം തുടരുമെന്നും എം.എൽ.അശ്വിനി വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയ മന്ത്രി, അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും ഓർമ്മിപ്പിച്ചു.

കുമ്പള ജി.എസ്.ബി.എസ് സ്കൂളിൽ മന്ത്രി എൻ.ഷംസുദ്ദീനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ്, ബിജെപി നേതാക്കൾ നേർക്കുനേർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പൊലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. വനിതാ പൊലീസില്ലാതെയാണ് വനിതാ പ്രവർത്തകരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാൻ വന്നതെന്ന ആരോപണവും ബിജെപി പ്രവർത്തകർ ഉയർത്തി.